കേരളത്തിന്റെ പൊതുപ്രശ്നങ്ങളില്‍ ഒന്നിച്ച്‌ നില്‍ക്കാൻ യുഡിഎഫ് എംപിമാര്‍ തയ്യാറാകുന്നില്ല: ധനമന്ത്രി കെഎൻ ബാലഗോപാല്‍

  • 07/10/2023

ദില്ലി: കേരളത്തിന്റെ പൊതുപ്രശ്നങ്ങളില്‍ ഒന്നിച്ച്‌ നില്‍ക്കാൻ യുഡിഎഫ് എംപിമാര്‍ തയ്യാറാകുന്നില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാല്‍. യുഡിഎഫും എല്‍ഡിഎഫും കേരളവുമായി ബന്ധപ്പെട്ട പല പൊതു പ്രശ്നങ്ങളിലും ഒന്നിച്ച്‌ നിന്നിട്ടുണ്ടെന്നും എന്നാല്‍ ഇന്ന് യുഡിഎഫ് എംപിമാരില്‍ നിന്നും അത് കാണുന്നില്ലെന്നും ധനമന്ത്രി കെഎൻ ബാലഗോപാല്‍ പറഞ്ഞു.


നികുതി വരുമാനം കൂടുന്നതിന് അനുസരിച്ച്‌ പങ്കിടല്‍ നടക്കുന്നില്ലെന്നും നികുതി വരുമാനം സംബന്ധിച്ച്‌ വിശദ പഠനം വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടെന്നും ധനമന്ത്രി പറഞ്ഞു. ഇത് ജി എസ് ടി ട്രൈബ്യൂണല്‍ രണ്ട് മൂന്ന് മാസത്തിനകം സാധ്യമാക്കും എന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി കൂട്ടിചേര്‍ത്തു. 

അതേസമയം ഉപയോഗ്താക്കള്‍ക്ക് ജി എസ് ടി നോട്ടീസില്‍ അപ്പീല്‍ നല്‍കാനുള്ള സമയം നീട്ടിയതായും കെഎൻ ബാലഗോപാല്‍ അറിയിച്ചു. കേരളത്തിൻറെ കടമെടുപ്പ് പരിധി കുറച്ച വിഷയങ്ങളിലടക്കം പരിഹാരം കണ്ടെത്തണമന്ന് ആവശ്യപ്പെട്ട് ബാലഗോപാല്‍ കേന്ദ്രധനമന്ത്രിക്ക് കത്ത് നല്‍കി.

സഹകരണ മേഖലയിലെ ഒറ്റപ്പെട്ട വിഷയങ്ങള്‍ പൊതുവായി കാണരുതെന്നും കെഎൻ ബാലഗോപാല്‍ അഭിപ്രായപ്പെട്ടു. കരുവന്നൂരില്‍ തെറ്റു ചെയ്തവര്‍ ശിക്ഷിക്ഷപ്പെടണമെന്നും സഹകാരികളുടെ പണം സംരക്ഷിക്കപ്പെടണമെന്നതും തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്നും അദ്ദേഹം പറഞ്ഞു. 

Related News