ഒറ്റരാത്രി കൊണ്ട് കോടീശ്വരന്മാരായി മീൻപിടുത്തക്കാര്‍, ലഭിച്ചത് അത്യപൂര്‍വ മത്സ്യം, വില ഒന്നിന് 70 ലക്ഷം!

  • 10/11/2023

പാകിസ്ഥാനിലെ കറാച്ചിയില്‍ മത്സ്യബന്ധനത്തിന് പോയവര്‍ ഒറ്റ രാത്രികൊണ്ട് കോടീശ്വരന്മാരായി. അപൂര്‍വ മത്സ്യം വലയില്‍ കുടുങ്ങിയതോടെയാണ് മീൻപിടുത്തക്കാര്‍ക്ക് കോളടിച്ചത്. ലേലത്തില്‍ ഏകദേശം ഏഴ് കോടിയോളം പാക് രൂപ ലഭിച്ചു. ഇബ്രാഹിം ഹൈദരി മത്സ്യബന്ധന ഗ്രാമത്തിലെ ഹാജി ബലോച്ചും തൊഴിലാളികള്‍ക്കുമാണ് തിങ്കളാഴ്ച അറബിക്കടലില്‍ നിന്ന് സോവ എന്നറിയപ്പെടുന്ന ഗോള്‍ഡൻ ഫിഷ് ലഭിച്ചത്.

വളരെ അപൂര്‍വമായാണ് ഈ മീൻ ലഭിക്കുക. ഏഴ് കോടി രൂപക്കാണ് വിറ്റുപോയത്. ഒരു മത്സ്യത്തിന് മാത്രം 70 ലക്ഷം രൂപ ലഭിച്ചുവെന്ന് പാകിസ്ഥാൻ ഫിഷര്‍മെൻ ഫോക്ക് ഫോറത്തിലെ മുബാറക് ഖാൻ പറഞ്ഞു. സോവ മത്സ്യം അമൂല്യവും അപൂര്‍വവുമായി കണക്കാക്കപ്പെടുന്നു. ഈ മീനിന്റെ വയറ്റില്‍ നിന്നുള്ള പദാര്‍ത്ഥങ്ങള്‍ക്ക് രോഗശാന്തിക്കുള്ള ഔഷധ ഗുണങ്ങളുമുണ്ടെന്ന് പറയപ്പെടുന്നു. മത്സ്യത്തില്‍ നിന്ന് ലഭിക്കുന്ന നൂല്‍ പോലെയുള്ള പദാര്‍ത്ഥം ശസ്ത്രക്രിയയിലും ഉപയോഗിക്കും.

20 മുതല്‍ 40 കിലോ വരെ ഭാരവും 1.5 മീറ്റര്‍ വരെയുമാണ് മീനിന്റെ വളര്‍ച്ച. അപൂര്‍വമായി ലഭിക്കുന്ന മത്സ്യത്തിന് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളില്‍ ആവശ്യക്കാരേറെയാണ്. കറാച്ചിയിലെ തീരത്തെ പുറംകടലില്‍ മത്സ്യബന്ധനം നടത്തുകയായിരുന്നു. അതിനിടെയാണ് സ്വര്‍ണ്ണ മത്സ്യ ശേഖരം ശ്രദ്ധയില്‍പ്പെട്ടത്. വലിയ ഭാഗ്യമായി കരുതിയെന്ന് ഹാജി പറഞ്ഞു. ഏഴു പേരടങ്ങുന്ന തന്റെ ജോലിക്കാരുമായി പണം പങ്കിടുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രജനനകാലത്ത് മാത്രമാണ് മത്സ്യം തീരത്ത് എത്തുന്നത്.

Related News