നവ കേരള സദസ്സ് കണ്ണൂരിൽ; മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിക്കും

  • 20/11/2023

നവകേരള സദസ്സ് കണ്ണൂര്‍ ജില്ലയിൽ തുടരുകയാണ്. കണ്ണൂര്‍, അഴീക്കോട്, ധര്‍മ്മടം, തലശേരി മണ്ഡലങ്ങളിലാണ് ഇന്നത്തെ പര്യടനം. പ്രഭാത യോഗത്തിന് ശേഷം അഴീക്കോട് മണ്ഡലത്തിലാണ് ആദ്യ യോഗം. തലശേരിയിലാണ് ഇന്നത്തെ സമാപന പരിപാടി. പ്രതിഷേധം കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിക്കും. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇന്നലെ രാത്രി ചേർന്ന ഉന്നതതല പൊലീസ് യോഗത്തിലാണ് തീരുമാനം. എഡിജിപി എംആർ അജിത് കുമാറാണ് മാവോ മേഖലയിലെ സുരക്ഷാ മേൽനോട്ടം വഹിക്കുന്നത്.

അധിക സായുധ പൊലീസ്, കമാൻഡോകൾ, രഹസ്യ പൊലീസ് എന്നിവരും യാത്രയിലുണ്ടാകും. കണ്ണൂർ മലയോര മേഖലയിലും വയനാട്ടിലും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. രാവിലെ 10.30 നാണ് മുഖ്യമന്ത്രിയുടെ പതിവ് വാര്‍ത്താ സമ്മേളനം. അതിനിടെ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷ യുവജന സംഘടനകൾ.

നവകേരള സദസ്സ് വേദിയിലേക്ക് മാർച്ച് നടത്തുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു. പ്രവർത്തകരോട് സംയമനം പാലിക്കാൻ സിപിഐഎം നേതൃത്വം നിർദേശം നൽകിയതായും അറിയുന്നു. ഇന്നലെ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചിരുന്നു. നവകേരള സദസ്സിന്റെ പ്രത്യേക ബസിനെതിരെ പഴയങ്ങാടി എരിപുരത്താണു യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.

Related News