വീട്ടില്‍ വളര്‍ത്തിയിരുന്ന ഉഗ്രവിഷമുള്ള പാമ്ബ് പുറത്തുകടന്നു; പുറത്തിറങ്ങരുതെന്ന് പ്രദേശവാസികള്‍ക്ക് നിര്‍ദേശം

  • 22/11/2023

ആംസ്റ്റര്‍ഡാം: വീട്ടില്‍ വളര്‍ത്തിയിരുന്ന ഉഗ്രവിഷമുള്ള പാമ്ബ് പുറത്തുകടന്നതിന് പിന്നാലെ പ്രദേശവാസികളോട് വീട്ടില്‍തന്നെ കഴിയാൻ നിര്‍ദേശം നല്‍കി പൊലീസ്. നെതര്‍ലൻഡ്സിലെ തെക്കൻ നഗരമായ ടില്‍ബര്‍ഗിലെ ഗോഡൻറെജൻസ്ട്രാറ്റിലാണ് സംഭവം. മേഖലയില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയാണ് ഉഗ്രവിഷമുള്ള പാമ്ബ്. പ്രദേശവാസിയായ ഒരാള്‍ വളര്‍ത്തിയിരുന്ന രണ്ട് മീറ്റര്‍ നീളമുള്ള അപകടകാരിയായ ഗ്രീൻ മാമ്ബ ഇനത്തിലെ പാമ്ബ് വീട്ടില്‍ നിന്ന് പുറത്തുകടന്നതാണ് ആശങ്കകള്‍ക്ക് കാരണം. പാമ്ബിന് ഉഗ്രവിഷമുണ്ടെന്നും പ്രദേശവാസികള്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്നും ഒരു കാരണവശാലും പാമ്ബിനെ കെണിയിലാക്കാൻ ശ്രമിക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

പാമ്ബിന്റെ ചിത്രം സഹിതമുള്ള ജാഗ്രതാ നിര്‍ദ്ദേശം പൊലീസ് പുറത്തുവിട്ടു. ലോകത്ത് തന്നെ ഏറ്റവും മാരക വിഷമുള്ള ബ്ലാക്ക് മാമ്ബകളുടെ കുടുംബത്തില്‍പ്പെട്ട ഇവയ്ക്ക് തിളങ്ങുന്ന പച്ചനിറമാണ്. പച്ചനിറത്തിലെ മറ്റ് പാമ്ബുകളില്‍ നിന്ന് ഇവയെ തിരിച്ചറിയുക പ്രയാസമാണ്. പൊതുവെ ശാന്തശീലരായ ഇക്കൂട്ടര്‍ മരങ്ങളിലും മറ്റും ഒതുങ്ങിക്കൂടി ജീവിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ട് തന്നെ ഇവയെ കാണുന്നതും വളരെ അപൂര്‍വമാണ്. കിഴക്കൻ ആഫ്രിക്കൻ തീര മേഖലകളില്‍ കാണപ്പെടുന്ന ഇവയുടെ കടിയേറ്റാല്‍ ഉടൻ ചികിത്സ തേടിയില്ലെങ്കില്‍ മരണം സംഭവിക്കും.

അതേസമയം, കാണാതായ ഗ്രീൻ മാമ്ബ എങ്ങനെ പുറത്തുകടന്നെന്ന് വ്യക്തമല്ല. തിങ്കളാഴ്ച രാത്രിയാണ് പാമ്ബ് കൂട്ടിനുള്ളില്‍ നിന്ന് അപ്രത്യക്ഷമായത്. നെതര്‍ലൻഡ്സില്‍ ശൈത്യകാലം ആരംഭിച്ചതിനാല്‍ പാമ്ബ് പുറത്ത് അധികം കറങ്ങിനടക്കില്ലെന്നും ചൂടുള്ള ഇടങ്ങളില്‍ പതുങ്ങിയിരിക്കാമെന്നും പൊലീസ് പറയുന്നു.

Related News