രണ്ടായിരത്തഞ്ഞൂറോളം കിലോ ഭാരമുള്ള പാറക്കല്ലിന് അടിയില്‍ കുടുങ്ങിയ സഞ്ചാരിക്ക് ഒടുവില്‍ രക്ഷ

  • 11/12/2023

കാലിഫോര്‍ണിയ:രണ്ടായിരത്തഞ്ഞൂറോളം കിലോ ഭാരമുള്ള പാറക്കല്ലിന് അടിയില്‍ കുടുങ്ങിയ സഞ്ചാരിക്ക് ഒടുവില്‍ രക്ഷ. കാലിഫോര്‍ണിയയില്‍ മലകയറാനെത്തിയ യുവാവിനാണ് അപ്രതീക്ഷിത പ്രതിസന്ധിയിലൂടെ കടന്നുപോകേണ്ടി വന്നത്.

ഏഴ് മണിക്കൂറോളം കുടുങ്ങിയ സഞ്ചാരിക്കാണ് രക്ഷാസേന സഹായവുമായി എത്തിയത്. ചൊവ്വാഴ്ചയാണ് ഇന്യോ മലമുകളിലേക്ക് സഞ്ചാരികളെത്തിയത്. ട്രെക്കിംഗിനിടെ സഞ്ചാരി പാറയിടുക്കിനിടയില്‍ കുടുങ്ങുകയായിരുന്നു.

ആറായിരം മുതല്‍ പതിനായിരം പൌണ്ടോളം ഭാരമുള്ള പാറക്കല്ലായിരുന്നു സഞ്ചാരിയുടെ കാലിന് മുകളിലേക്ക് വീണത്. എന്നാല്‍ എങ്ങനെയാണ് പാറക്കല്ല് കാലിലേക്ക് വീണതെന്ന് ഇയാള്‍ക്ക് ഒപ്പമുള്ള മറ്റുള്ളവര്‍ വ്യക്തമാക്കിയിട്ടില്ല. രക്ഷാസേന എത്തുന്ന സമയത്ത് കാലിന് പരിക്കേറ്റ് വലിയ വേദനയിലായിരുന്നു യുവാവുണ്ടായിരുന്നത്. പാറക്കല്ലിനിടയില്‍ കുടുങ്ങിയ ഇടതുകാല്‍ വലിച്ചെടുക്കാനുള്ള ശ്രമത്തിനിടെ യുവാവ് തലകീഴായി നില്‍ക്കുന്ന അവസ്ഥയിലായിരുന്നു. വടത്തിന്റെയും പുള്ളികളുടേയും സഹായത്തോടെ പാറക്കല്ല് ഇളക്കിയതോടെയാണ് യുവാവിന്റെ കാല്‍ രക്ഷപ്പെടുത്താനായത്.

പരിക്കേറ്റ യുവാവിനെ രക്ഷാസേന എയര്‍ ലിഫ്റ്റ് ചെയ്ത് ആശുപത്രിയിലെത്തിച്ച്‌ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. വനംവകുപ്പ് അടക്കം വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. യുവാവ് കുടുങ്ങിക്കിടന്ന മേഖലയില്‍ ഹെലികോപ്ടറിന് ലാന്‍ഡ് ചെയ്യാന്‍ സാധ്യമാകാതെ വന്നതോടെ പ്രത്യേക രീതിയില്‍ ഹെലികോപ്ടറിലേക്ക് ഉയര്‍ത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Related News