തീരത്തേക്ക് കൂട്ടമായെത്തി ടണ്‍ കണക്കിന് മത്തി, ബീച്ചിന്റെ നിറം മാറ്റി അപൂര്‍വ്വ പ്രതിഭാസം

  • 11/12/2023

തീരത്തേക്ക് അടിഞ്ഞത് ആയിരക്കണക്കിന് ടണ്‍ മത്തി. കാരണമെന്താണെന്ന് തിരിച്ചറിയാതെ വന്നതോടെ ആശങ്കയിലായി നാട്ടുകാര്‍. വടക്കന്‍ ജപ്പാനിലെ ഹാക്കോഡേറ്റ് തീരത്തേക്കാണ് ടണ്‍ കണക്കിന് മത്തി ചത്തടിഞ്ഞത്. വ്യാഴാഴ്ച രാവിലെയോടെയാണ് പ്രതിഭാസം ശ്രദ്ധയില്‍ പെട്ടത്. വൈകുന്നേരമായതോടെ തീരമാകെ വെള്ളി നിറത്തിലായതോടെ നാട്ടുകാര്‍ക്കും ആശങ്കയിലായി.

തീരത്ത് നിന്ന് ഒരു കിലോമീറ്ററോളം നീളത്തിലാണ് മത്തിക്കൂട്ടം ചത്തടിഞ്ഞത്. ഇത്തരമൊരു സംഭവം ഇതിന് മുന്‍പ് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് പ്രദേശവാസികള്‍ പ്രതികരിക്കുന്നത്. ചിലര്‍ മത്സ്യം വാരിക്കൂട്ടിയെങ്കിലും ഇവ എന്ത് കാരണം കൊണ്ടാണ് ചത്തതെന്ന് വ്യക്തമാവാതെ വന്നതോടെ തീരത്ത് തന്നെ ഉപേക്ഷിക്കുകയായിരുന്നു. തീരത്തടിഞ്ഞ മത്സ്യം ആഹാരമാക്കരുതെന്ന് ആരോഗ്യ വിദ്ധഗര്‍ ഇതിനോടകം നിര്‍ദ്ദേശം നഷകിയിട്ടുണ്ട്. ഇത്തരം പ്രതിഭാസങ്ങളേക്കുറിച്ച്‌ കേട്ടിട്ടുണ്ടെങ്കിലും നേരിട്ട് കാണുന്നത് ആദ്യമാണെന്നാണ് ഹകോഡേറ്റ് മത്സ്യ വകുപ്പിലെ ഗവേഷകനായ ടകാഷി ഫ്യുജിയോക വിശദമാക്കുന്നത്.

വലിയ മത്സ്യങ്ങള്‍ തുരത്തിയത് മൂലം കൂട്ടത്തോടെ കരയ്ക്കെത്തിയതാവാനുള്ള സാധ്യതകളുണ്ടെന്നാണ് ടകാഷി വിശദമാക്കുന്നത്. കൂട്ടത്തോടെ തീരത്തേക്ക് അടുത്തതിന് പിന്നാലെ ഓക്സിജന്‍ ലഭ്യത ഇല്ലാതെ വന്നതാവാം മത്തിക്കൂട്ടം ചത്തൊടുങ്ങാന്‍ കാരണമെന്നും ടകാഷി പ്രതികരിക്കുന്നുണ്ട്. സമുദ്ര ജലത്തിലെ താപനിലയിലുണ്ടായ വ്യതിയാനവും കൂട്ടത്തോടെ മത്സ്യം ചത്തൊടുങ്ങാന്‍ കാരണമായതായും നിരീക്ഷിക്കുന്നുണ്ട്.

Related News