'ആറുവയസ്സുകാരിയുടേത് ഷാള്‍ കുരുങ്ങി മരണമെന്ന് ആദ്യ പ്രചാരണം', കുറ്റപത്രം എസ്പി മടക്കി; വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് കുടുംബം

  • 14/12/2023

ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ കേസില്‍ പ്രതിയെ വെറുതെ വിട്ടതിനെതിരെ കുടുംബം. പ്രതി അര്‍ജുനെ വെറുതെ വിട്ടു കൊണ്ടുള്ള കട്ടപ്പന അതിവേഗ പ്രത്യേക കോടതിയുടെ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപ്പീല്‍ നല്‍കുമെന്ന് കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.

വിധി കേട്ട ഞെട്ടലില്‍ നിന്ന് ഇതുവരെ മുക്തരാകാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ വീഴ്ച പറ്റിയെന്ന് കരുതുന്നില്ല. പ്രതി അര്‍ജുന്‍ തന്നെയെന്ന് വിശ്വസിക്കുന്നതായും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

കേസിന്റെ തുടക്കത്തില്‍ അന്വേഷണം വഴിതെറ്റിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. കളിക്കുന്നതിനിടെ ഷാള്‍ കുരുങ്ങിയാണ് മരണം സംഭവിച്ചത് എന്നായിരുന്നു ആദ്യ പ്രചാരണം. കുട്ടിയെ ആദ്യം പരിശോധിച്ച വണ്ടിപ്പെരിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ കണ്ടെത്തല്‍ ആണ് തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ പൊളിച്ചത്. കുട്ടിയുടെ ശരീരത്തിലും രഹസ്യഭാഗങ്ങളിലും കാണപ്പെട്ട പാടുകള്‍, മുറിവുകള്‍ എന്നിവ ഡോക്ടര്‍ പല തവണ പരിശോധിച്ചു. പോസ്റ്റ്‌മോര്‍ട്ടം വേണമെന്ന നിബന്ധന വെയ്ക്കുകയും ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷമാണ് അന്വേഷണം വേഗത്തിലായത്.

Related News