2 മക്കളെ കൊന്നു, ഒരാള്‍ക്ക് പരിക്ക്, അന്വേഷണത്തിനിടെ രാജ്യം വിട്ട അമ്മ ഒടുവില്‍ പിടിയില്‍

  • 31/12/2023

രണ്ട് മക്കളെ കൊലപ്പെടുത്തുകയും മൂന്നാമത്തെയാളെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത 35കാരിയായ അമ്മ ഒടുവില്‍ പിടിയിലായി. വീട്ടിലേക്ക് മോഷ്ടാക്കള്‍ അതിക്രമിച്ച കയറി മക്കളേയും തന്നേയും ആക്രമിച്ചെന്ന് വിശദമാക്കി ഡിസംബര്‍ 19നാണ് യുവതി പൊലീസ് സഹായം തേടിയത്. പൊലീസ് സ്ഥലത്ത് എത്തുമ്ബോള്‍ 9 വയസുകാരിയായ മകളും 7 വയസുകാരനായ മകനും മരിച്ച നിലയിലും 11കാരിയായ മകളും യുവതിയും പരിക്കേറ്റ നിലയിലുമാണ് കണ്ടെത്തിയത്.

എന്നാല്‍ മോഷണം നടന്നതായ പരാതിയെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തില്‍ 35കാരിയായ കിംബെര്‍ലി സിംഗ്ലറിന്റെ പങ്ക് വ്യക്തമായത്. ലണ്ടനില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് വിശദമാക്കുന്നത്. മോഷണം സംബന്ധിച്ച അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പൊലീസിനോട് സഹകരിച്ച ഇവരെ പിന്നീട് ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നില്ല. ഇതിന് പിന്നാലെയാണ് വീട്ടില്‍ മോഷണം നടന്നിട്ടില്ലെന്നും കുട്ടികളെ കൊലപ്പെടുത്തിയത് യുവതിയാണെന്നും പൊലീസിന് വ്യക്തമായത്.

പിന്നാലെ തന്നെ യുവതിക്കതിരെ അറസ്റ്റ് വാറന്‍റ് പുറത്തിറക്കുകയായിരുന്നു. ഇവരുടെ 11കാരിയായ മകള്‍ പരിക്കുകള്‍ ഭേദമായി ആശുപത്രി വിട്ടിരുന്നു. യുവതിയോടൊപ്പമല്ല ഈ കുഞ്ഞുള്ളതെന്ന് പൊലീസ് വിശദമാക്കി. അന്വേഷണത്തിനിടെ രാജ്യം വിട്ട യുവതിയെ ലണ്ടനില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കുട്ടികളെ കൊലചെയ്യാനുള്ള കാരണമെന്താണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസുള്ളത്. 

Related News