ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് മൂന്നാം സീറ്റ് നല്‍കില്ലെന്ന് കോണ്‍ഗ്രസ്

  • 05/02/2024

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് മൂന്നാം സീറ്റ് നല്‍കില്ലെന്ന് കോണ്‍ഗ്രസ്. സീറ്റ് വിട്ടുതരാന്‍ കഴിയുന്ന സാഹചര്യമല്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം ലീഗ് നേതാക്കളെ ബോധ്യപ്പെടുത്തി. അതേസമയം, കോട്ടയം സീറ്റ് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് നല്‍കാന്‍ ധാരണയായി. സീറ്റുകളുടെ കാര്യത്തില്‍ ഒന്നിച്ചുള്ള പ്രഖ്യാപനം അടുത്തയാഴ്ചയുണ്ടാകും. ഇത്തവണ പറയുന്ന പോലെയല്ലെന്നും, നിർബന്ധമായും മൂന്നാം സീറ്റ് വേണമെന്നും മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. 

മൂന്നുസീറ്റിന് അര്‍ഹതയുണ്ടെങ്കിലും രണ്ടില്‍ തൃപ്തിപ്പെടണമെന്ന് രാഷ്ട്രീയ സാഹചര്യങ്ങള്‍ നിരത്തി ബോധ്യപ്പെടുത്തുകയാണ് കോണ്‍ഗ്രസ്. എന്നാല്‍ കോര്‍ കമ്മിറ്റിയില്‍ ചര്‍ച്ചചെയ്തേ തീരുമാനം പറയാനാകൂവെന്ന് ലീഗ് അറിയിച്ചതായാണ് വിവരം. പതിനാലിന് യുഡിഎഫ് വീണ്ടും യോഗം ചേരും. അതിനു മുന്നോടിയായി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളുെട അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് ലീഗ് തീരുമാനം കോണ്‍ഗ്രസിനെ അറിയിക്കും. ഉപാധികളെന്തെങ്കിലും മുന്നോട്ടുവയ്ക്കുമോ എന്നത് മാറ്റി നിര്‍ത്തിയാല്‍ ലീഗ് മൂന്നാംസീറ്റില്‍ കടുംപിടുത്തം നടത്തില്ല. ഇനി ഉഭയകക്ഷി ചര്‍ച്ചകള്‍ ഒന്നുമില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പറയുന്നു. 

കോട്ടയം സീറ്റ് കേരളാ കോണ്‍ഗ്രസ് ജോസഫിന് നല്‍കും. ജോസഫ് ആ സീറ്റ് ഫ്രാന്‍സിസ് ജോര്‍ജിന് നല്‍കും. പിസി തോമസിനെയും സജി മഞ്ഞക്കടമ്ബിലിനെയും അനുനയിപ്പിക്കാനാണ് തീരുമാനം. അടുത്തയാഴ്ച കോട്ടയത്ത് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. കൊല്ലത്ത് ആര്‍എസ്പിക്ക് വേണ്ടി എന്‍കെ പ്രേമചന്ദ്രന്‍ വീണ്ടും മല്‍സരിക്കും.

അതേസമയം, കോണ്‍ഗ്രസിന്‍റെ പതിമൂന്ന് സിറ്റിങ് എംപിമാരോടും അതാത് മണ്ഡലങ്ങളില്‍ കൂടുതല്‍ സജീവമാകാനാണ് യുഡിഎഫ് നേതൃത്വം ആവശ്യപ്പെടുന്നത്. കണ്ണൂരും ആലപ്പുഴയിലും മാത്രം പുതിയ സ്ഥാനാര്‍ഥികളെന്നാണ് ഇപ്പോഴത്തെ ചിത്രം. അന്തിമ തീരുമാനം എടുക്കുന്നത് ഹൈക്കമാന്‍റ് ആണെങ്കിലും.

Related News