പ്രതിഷേധം അക്രമാസക്തം; പുല്‍പ്പള്ളിയില്‍ തെരുവുയുദ്ധം; പൊലീസ് ലാത്തിച്ചാര്‍ജ്

  • 17/02/2024

വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ പുല്‍പ്പള്ളിയില്‍ നാട്ടുകാരുടെ പ്രതിഷേധം അക്രമാസക്തമായി. ജനപ്രതിനിധികള്‍ക്കും പൊലീസിനും നേരെ പ്രതിഷേധക്കാര്‍ കസേരയും കുപ്പിയും എറിഞ്ഞതോടെ പൊലീസ് ലാത്തിവീശി. പൊലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധക്കാരിലൊരാളുടെ തലപൊട്ടി. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹവുമായിട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. 

വനംവകുപ്പിനും പൊലീസിനും എതിരെ നാട്ടുകാരുടെ ഭാഗത്തുനിന്ന് കനത്ത പ്രതിഷേധമാണു നടന്നത്. ജീപ്പ് തടഞ്ഞ പ്രതിഷേധക്കാര്‍ ടയറിന്റെ കാറ്റഴിച്ചുവിട്ടു. റൂഫ് വലിച്ചുകീറി. വനംവകുപ്പ് എന്നെഴുതിയ റീത്ത് ജീപ്പില്‍ വച്ചു. കേണിച്ചിറയില്‍ വന്യമൃഗത്തിന്റെ ആക്രമണത്തില്‍ ചത്ത പശുവിന്റെ ജഡം വനംവകുപ്പിന്റെ വാഹനത്തില്‍ നാട്ടുകാര്‍ കെട്ടി. ഉന്നയിച്ച ആവശ്യങ്ങളില്‍ ഉറപ്പുലഭിച്ചെങ്കില്‍ മാത്രമേ മൃതദേഹം നഗരത്തില്‍നിന്നു വീട്ടിലേക്കു മാറ്റു എന്ന നിലപാടിലാണു പ്രതിഷേധക്കാര്‍. 

അതേസമയം, നാട്ടുകാര്‍ അക്രസമരത്തില്‍ നിന്ന് പിന്തിരയണമെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. ജനങ്ങള്‍ സഹകരിക്കണം. സംഘര്‍ഷമുണ്ടായാല്‍ യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് വഴിമാറിപ്പോകും. സിസിഎഫിന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ശശീന്ദ്രന്‍ പറഞ്ഞു. നാട്ടുകാരുടെ പ്രതിഷേധം സ്വാഭാവികമെന്ന്് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സര്‍ക്കാര്‍ നിഷ്‌ക്രിയമായാല്‍ ജനങ്ങള്‍ പ്രതികരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Related News