കെഎസ്‌ആര്‍ടിസിയുടെ ഏകദേശം 836 വണ്ടികള്‍ ഷെഡ്ഡില്‍ കിടക്കുകയാണെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. അതില്‍ 80 വണ്ടി ഉടനെ തന്നെ പണിയെല്ലാം തീര്‍ത്ത് ഇറക്കും. 2001ല്‍ മന്ത്രിയായിരുന്നപ്പോള്‍ കട്ടപ്പുറത്ത് 600 വണ്ടിയായിരുന്നു ഉണ്ടായിരുന്നത്. ഈ 836 വണ്ടികളും സര്‍വീസ് തുടങ്ങുന്നതോടെ കളക്ഷനും വര്‍ധിക്കും. കെഎസ്‌ആർടിസി തിരുവനന്തപുരം ജില്ലകളിലെ ഓർഡിനറി സർവീസുകളില്‍ റൂട്ട് റാഷണലൈസേഷൻ നടപ്പിലാക്കി തുടങ്ങിയതിനെ കുറിച്ചും മന്ത്രി പറഞ്ഞു.
അടുത്തതായി കൊല്ലം ജില്ലയിലേക്ക് കടക്കും. പിന്നീട് എല്ലാ ജില്ലകളിലേക്കും വരും. രണ്ടാഴ്ചക്കുള്ളില്‍ എല്ലാ ജില്ലകളിലും ഇത് നടപ്പാക്കി കഴിഞ്ഞാല്‍ ഒരു ദിവസം 40 മുതല്‍ 50 ലക്ഷം വരെ ഡീസലില്‍ ലാഭിക്കാൻ കഴിയുമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. അതേസമയം, റൂട്ട് റാഷണലൈസേഷൻ നടപ്പിലാക്കിയതോടെ തിരുവനന്തപുരം ജില്ലയില്‍ മാത്രം ഒരു ദിവസം 3,29,831 രൂപ 03 പൈസ ലാഭിക്കുവാൻ കഴിയുന്നുവെന്നാണ് കണക്കുകള്‍.
ഡെഡ് കിലോമീറ്റർ ഒഴിവാക്കിയതിലൂടെ മാത്രം ഒരു ദിവസത്തെ ലാഭം 2,85,837 രൂപ 43 പൈസയാണ്. ഗതാഗത വകുപ്പ് മന്ത്രിയായി കെ. ബി. ഗണേഷ് കുമാർ ചാർജ്ജ് എടുത്ത ശേഷം തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം സെൻട്രല്‍, നെയ്യാറ്റിൻകര, നെടുമങ്ങാട്, ആറ്റിങ്ങല്‍ എന്നീ അഞ്ചു ക്ലസ്റ്ററുകളിലായുള്ള 20 യൂണിറ്റുകളിലെ യൂണിറ്റ് ഓഫീസർമാരുമായും കെഎസ്‌ആർടിസി മാനേജിംഗ് ഡയറക്ടർ, എക്സിക്യൂട്ടീവ് ഡയറക്ടർ ഓപ്പറേഷൻസ് എന്നിവരുമായും നടത്തിയ മീറ്റിങ്ങുകളില്‍ ആണ് റൂട്ട് റാഷണലൈസേഷൻ നിർദ്ദേശം മുന്നോട്ടുവച്ചത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?