പെണ്‍കുട്ടിയെ കണ്ടത് തിരുവനന്തപുരം പൊലീസ് ക്വാര്‍ട്ടേഴ്സിലെ ശുചിമുറിയില്‍ അബോധാവസ്ഥയില്‍; ദുരൂഹമരണം സിബിഐ അന്വേഷിക്കും

  • 20/02/2024

തിരുവനന്തപുരം പൊലീസ് ക്വാർട്ടേഴ്സിലെ ശുചിമുറിയില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട 13 കാരിയുടെ ദുരൂഹമരണം സി ബി ഐ അന്വേഷിക്കാൻ ഉത്തരവ്. എട്ട് മാസമായി പൊലീസ് അന്വേഷിച്ചിട്ടും പ്രതിയെ പിടികൂടാനാകാത്തതോടെയാണ് കേസ് സി ബി ഐയെ ഏല്‍പ്പിക്കാൻ കോടതി ഉത്തരവിട്ടത്.

അന്വേഷണം വേഗത്തില്‍ ഏറ്റെടുക്കണമെന്നും സി ബി ഐക്ക് ജസ്റ്റിസ് ബെച്ചു കുര്യൻ നിർദേശം നല്‍കി. കുട്ടിയുടെ പോസ്റ്റ്മോർട്ടത്തില്‍ തുടർച്ചയായി പീഡനത്തിന് ഇരയായെന്ന് തെളിഞ്ഞതോടെയാണ് കേസ് വേഗത്തില്‍ തന്നെ സി ബി ഐക്ക് നല്‍കിയാൻ കോടതി ഉത്തരവിട്ടത്. കുട്ടിയുടെ അമ്മ നല്‍കിയ ഹർജിയിലാണ് കോടതി നടപടി.

2023 മാർച്ച്‌ 29 നാണ് പെണ്‍കുട്ടിയെ പൊലീസ് ക്വാർട്ടേഴ്സിലെ ശുചിമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്ന് ദിവസം മരണത്തോട് മല്ലടിച്ച പെണ്‍കുട്ടി ഏപ്രില്‍ 1 ന് ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്. പൊലീസ് കോർട്ടേഴ്സില്‍ രക്ഷിതാക്കള്‍ക്കൊപ്പം താമസിക്കുന്ന പെണ്‍കുട്ടിയാണ് മരിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍പെണ്‍കുട്ടി തുടർച്ചയായി പീഡനത്തിന് ഇരയായെന്ന് വ്യക്തമായിരുന്നു.

മ്യുസിയം പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. കേസ് രജിസ്റ്റർ ചെയ്ത മ്യൂസിയം പൊലീസ് എട്ട് മാസത്തോളം അന്വേഷിച്ചിട്ടും കുറ്റക്കാരെ കണ്ടെത്താനായിരുന്നില്ല. ഇതോടെയാണ് കുട്ടിയുടെ അമ്മ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയിലെത്തിയത്. കുട്ടിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയിട്ടില്ല. എന്നാല്‍ ദുരൂഹ മരണം എന്ന നിലയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസ് സി ബി ഐക്ക് വിട്ടതോടെ നീതി വേഗത്തില്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുട്ടിയുടെ അമ്മ.

Related News