കോടതി ഉപദേശിച്ചു, അവ‍ര്‍ കേട്ടു, ഡിവോഴ്സിന് 14 വ‍ര്‍ഷത്തിന് ശേഷം വീണ്ടും അവര്‍ വിവാഹിതരാകുന്നു, മകള്‍ക്കു വേണ്ടി

  • 16/05/2024

മകളുടെ ഭാവിക്ക് വേണ്ടി 14 വര്‍ഷത്തിന് ശേഷം വീണ്ടും അവര്‍ വിവാഹിതരാകുന്നു. ആലപ്പുഴ കുതിരപ്പന്തി അശ്വതി നിവാസില്‍ റിട്ട, നഴ്സിങ് അസിസ്റ്റന്റ് സുബ്രഹ്മണ്യ(57)നും, കുതിരപ്പന്തി രാധാനിവാസില്‍ അങ്കണവാടി ജീവനക്കാരിയായ കൃഷ്കുമാരി(50)യുമാണ് കുടുംബകോടതി ജഡ്ജിയുടെയും, അഭിഭാഷകരുടെയും ഉപദേശങ്ങള്‍ സ്വീകരിച്ച്‌ മകളുടെ നല്ല ഭാവിയെ കരുതി വീണ്ടും വിവാഹിതരാകാൻ തീരുമാനിച്ചത്.


14 വർഷം മുൻപ് ഇവര്‍ വിവാഹ ബന്ധം വേർപെടുത്തിയിരുന്നു. 2006 ആഗസ്റ്റ് ആഗസ്റ്റ് 31നായിരുന്നു ഇവരുടെ വിവാഹം. 2008 -ല്‍ ഇവർക്കൊരു പെണ്‍കുട്ടി ജനിച്ചു. അസ്വാരസ്യങ്ങളെ തുടർന്ന് ഇരുവരും 2010 മാർച്ച്‌ 29ന് ആലപ്പുഴ കുടുംബകോടതി മുഖേന വിവാഹമോചിതരായി. സുബ്രഹ്മണ്യൻ പിന്നീട് കൃഷ്ണകുമാരിക്കും, മകള്‍ക്കും നല്‍കാനുള്ള മുഴുവൻ സാമ്ബത്തിക ഇടപാടുകളും തീർത്ത് സംയുക്തമായി കരാറും തയ്യാറാക്കി. എന്നാല്‍ കൃഷ്ണകുമാരി മകള്‍ക്ക് ജീവനാംശം ആവശ്യപ്പെട്ട് വീണ്ടും കുടുംബകോടതിയെ സമീപിച്ചു. 

രണ്ടായിരം രൂപ വീതം പ്രതിമാസം ജീവനാംശം നല്‍കാൻ കോടതി ഉത്തരവായി. ഇതിനെതിരെ സുബ്രഹ്മണ്യൻ ഹൈക്കോടതിയെ സമീപിച്ചു. സുപ്രീംകോടതിയുടെ മുൻ ഉത്തരവുകള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതി ഹർജി തള്ളി. പ്രായപൂർത്തിയാകാത്ത മകളുടെ ജീവനാംശം മാതാപിതാക്കള്‍ക്ക് കാരാറിലൂടെ ഇല്ലാതാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ജീവനാംശം ലഭിക്കാനായി കൃഷ്ണകുമാരി വീണ്ടും കുടുംബകോടതിയെ സമീപിക്കുകയായിരുന്നു. 

കുടുംബകോടതി ജഡ്ജി വിദ്യാധരൻ കേസ് ചേംബറില്‍ പരിഗണിച്ചു. ഇരുവരും പുനർ വിവാഹിതരല്ലാത്തതിനാല്‍ മകളുടെ ഭാവിയെ കരുതി പ്രശ്നങ്ങള്‍ രമ്യമായി പരിഹരിച്ച്‌ ഒന്നിച്ചു കഴിയാൻ നിർദേശിച്ചു. ഇരുകക്ഷികളും, അഭിഭാഷകരും നിർദ്ദേശം അംഗീകരിച്ചു. കുട്ടിയോടൊപ്പം ഒരുമിച്ച്‌ കഴിയാനും തീരുമാനിച്ചു. ഇരുവരും അടുത്ത ദിവസം തന്നെ വീണ്ടും വിവാഹം രജിസ്റ്റർ ചെയ്യും. സുബ്രഹ്മണ്യന് വേണ്ടി അഭിഭാഷകരായ ആർ രാജേന്ദ്രപ്രസാദ്, വിമി എസ്, സുനിത ജി എന്നിവരും, കൃഷ്ണകുമാരിക്ക് വേണ്ടി സൂരജ് ആർ മൈനാഗപ്പള്ളിയും ഹാജരായി. 

Related News