തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ വൈദ്യുതി പോസ്റ്റുകള്‍ക്കും ലൈനുകള്‍ക്കും കാര്യമായ നാശനഷ്ടമുണ്ടായതായി കെ.എസ്.ഇ.ബി അറിയിച്ചു. ജില്ലയിലെ ഒൻപത് സെക്ഷൻ ഓഫീസുകളുടെ പരിധിയിലാണ് നാശനഷ്ടങ്ങള്‍. തിരുവല്ലം, വിഴിഞ്ഞം, കോട്ടുകാല്‍, കല്ലിയൂർ, പൂഴിക്കുന്ന്, കമുകിൻതോട്, കാഞ്ഞിരംകുളം, പാറശ്ശാലസ ഉച്ചക്കട എന്നീ സെക്ഷൻ പരിധികളില്‍ മരങ്ങള്‍ ലൈനുകള്‍ക്ക് മുകളിലേക്ക് കടപുഴകി വീണും മരച്ചില്ലകള്‍ ലൈനില്‍ പതിച്ചും വൈദ്യുതി വിതരണ ശൃംഖലയ്ക്ക് കനത്ത നാശനഷ്ടമുണ്ടായതായി അധികൃതർ വാർത്താക്കുറിപ്പില്‍ അറിയിച്ചു.
109 വൈദ്യുതി പോസ്റ്റുകളാണ് കഴിഞ്ഞ ദിവസം തകർന്നത്. 120 പോസ്റ്റുകള്‍ കടപുഴകി വീണു. 325 സ്ഥലങ്ങളില്‍ വൈദ്യുതി ലൈനുകള്‍ പൊട്ടി. നൂറുകണക്കിന് മരങ്ങള്‍ ലൈനുകളില്‍ പതിച്ച സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടു. പ്രകൃതി ദുരന്തം കാരണമായുണ്ടായ പ്രതിബന്ധങ്ങള്‍ വകവെയ്ക്കാതെ ഉദ്യോഗസ്ഥർ കർമനിരതരാണെന്ന് കെഎസ്‌ഇബി അറിയിച്ചു. അപകടങ്ങള്‍ ഒഴിവാക്കാനും യുദ്ധകാല അടിസ്ഥാനത്തില്‍ വൈദ്യുതി പുനഃസ്ഥാപിക്കാനുമുള്ള പ്രവർത്തനങ്ങള്‍ നടന്നുവരികയാണ്. ചിലയിടങ്ങളില്‍ കഴിഞ്ഞ ദിവസം രാത്രി തന്നെ വൈദ്യുതി പുനഃസ്ഥാപിക്കാൻ സാധിച്ചു.
അതേസമയം വ്യാപക നാശനഷ്ടങ്ങളുണ്ടായ പ്രദേശങ്ങളില്‍ വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങള്‍ ഇപ്പോഴും നടന്നുവരികയാണ്. മരങ്ങള്‍ വെട്ടിമാറ്റിയും ലൈനുകളും പോസ്റ്റുകളും മാറ്റി സ്ഥാപിച്ചും യുദ്ധകാല അടിസ്ഥാനത്തലാണ് നടപടികള്‍ പുരോഗമിക്കുന്നതെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ഇതിന് നാട്ടുകാരുടെ സഹകരണവും ലഭിക്കുന്നുണ്ട്. ഒറ്റപ്പെട്ട ചില സ്ഥലങ്ങളില്‍ ഇനിയും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ സാധിച്ചിട്ടില്ലെന്നും ഇനിയും വൈദ്യുതി എത്തിയിട്ടില്ലാത്ത പ്രദേശങ്ങളിലുള്ളവർ അക്കാര്യം അതത് സെക്ഷൻ ഓഫീസുകളെ അറിയിക്കണമെന്നും കെഎസ്‌ഇബി വാർത്താക്കുറിപ്പില്‍ പറയുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?