അച്ഛനേയും മകനേയും ഒരു കിലോമീറ്റര്‍ ദൂരം റോഡിലൂടെ വലിച്ചിഴച്ചു; 'കാറില്‍ ഉണ്ടായിരുന്നത് ഡോക്ടര്‍മാര്‍'; കൊച്ചിയിലെ നടുക്കുന്ന ദൃശ്യങ്ങള്‍

  • 22/07/2024

ചെളി തെറിപ്പിച്ചതിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അച്ഛനെയും മകനെയും റോഡിലൂടെ ഒരുകിലോമീറ്റര്‍ ദുരം കാര്‍ യാത്രക്കാര്‍ വലിച്ചിഴച്ചു കൊണ്ടുപോയതായി പരാതി. എറണാകുളം ചിറ്റൂര്‍ ഫെറിക്കു സമീപം കോളരിക്കല്‍ റോഡില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. അക്ഷയ്, പിതാവ് സന്തോഷ് എന്നിവരെയാണ് കാര്‍ യാത്രക്കാര്‍ റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടു പോയതെന്നാണ് പരാതി. ഇതിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. 

റോഡിലൂടെ വലിച്ചുകൊണ്ടുപോയ കാറില്‍ ഉണ്ടായിരുന്നത് ഡോക്ടര്‍മാരാണെന്നാണ് വിവരം. പരാതി നല്‍കിയിട്ടും ഇവര്‍ക്ക് ഉന്നത ബന്ധമുള്ളതിനാല്‍ പൊലീസ് കേസ് എടുത്തിട്ടില്ലെന്നും ആരോപണം ഉണ്ട്. വൈകീട്ട് അക്ഷയും സഹോദരിയും ബൈക്കില്‍ പോകുമ്ബോള്‍ എതിരെ വന്ന കാര്‍ ഇവരുടെ മേല്‍ ചെളി തെറിപ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് കാറിലുള്ളവരുമായി അക്ഷയ് വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിന് പിന്നാലെ രാത്രി കാറിലുണ്ടായ സംഘം അക്ഷയിന്റെ വീട്ടിലെത്തി അക്രമം നടത്തുകയായിരുന്നെന്നാണ് ആരോപണം. അക്രമത്തിനുശേഷം അക്ഷയിനെയും പിതാവിനെയും റോഡിലുടെ ഒരുകിലോമീറ്റര്‍ ദൂരം വലിച്ചിഴച്ചുവെന്നാണ് പരാതി. 

അക്ഷയും പിതാവും കാര്‍ ഡ്രൈവറെ പിടിച്ചുനില്‍ക്കുന്നതും പിന്നാലെ കാര്‍ മുന്നോട്ട് ഓടിച്ച്‌ പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. കാറിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരന്‍ അക്ഷയുടെയും അച്ഛന്റെയും കൈ ഡ്രൈവറുടെ ദേഹത്ത് നിന്ന് വിടുവിക്കാന്‍ ശ്രമിക്കുന്നതും കാണാനാവുന്നുണ്ട്. എന്നാല്‍ ഇരുവരെയും വലിച്ചുകൊണ്ട് കാര്‍ മുന്നോട്ട് പോയതോടെ ഒരു യുവതി ഇവര്‍ക്ക് പിന്നാലെ കരഞ്ഞുകൊണ്ട് ഓടുന്നതും ദൃശ്യത്തിലുണ്ട്.

Related News