സ്വര്‍ണക്കടത്ത് രാജ്യദ്രോഹക്കുറ്റം, എന്തുകൊണ്ട് അറിയിച്ചില്ല?; മുഖ്യമന്ത്രിയുടെ വിശ്വാസ്യത നഷ്ടമായെന്ന് ഗവര്‍ണര്‍

  • 10/10/2024

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി സ്വര്‍ണക്കള്ളക്കടത്ത് വിഷയം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്ന് ഗവര്‍ണര്‍ കുറ്റപ്പെടുത്തി. സ്വര്‍ണകള്ളക്കടത്ത് രാജ്യത്തിന് എതിരായ കുറ്റമാണ്. ഇതറിഞ്ഞിട്ടും എന്തു കൊണ്ട് റിപ്പോര്‍ട്ട് ചെയ്തില്ല. കാര്യങ്ങള്‍ തന്നെ ധരിപ്പിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. 

വലിയ തോതില്‍ സ്വര്‍ണക്കള്ളക്കടത്ത് നടക്കുന്നതായി മുഖ്യമന്ത്രി തന്നെയാണ് പറയുന്നത്. സ്വര്‍ണ കള്ളക്കടത്ത് രാജ്യത്തിനെതിരായ കുറ്റമാണ്, കേരളത്തെ മാത്രം ബാധിക്കുന്നതല്ല. അതുകൊണ്ടു തന്നെ രാഷ്ട്രപതിയെ വിവരം അറിയിക്കേണ്ട വിഷയമാണ്. ഇതുമായി ബന്ധപ്പെട്ട വിവരം മുഖ്യമന്ത്രി തന്നെ അറിയിച്ചില്ല. രാജ്ഭവനെ ഇരുട്ടില്‍ നിര്‍ത്തുകയാണ് മുഖ്യമന്ത്രി ചെയ്തത്. കസ്റ്റംസ് നടപടികളില്‍ പോരായ്മകളുണ്ടെങ്കില്‍ എന്തുകൊണ്ട് അക്കാര്യം അറിയിച്ചില്ല?.

മലപ്പുറം പരാമര്‍ശത്തില്‍ താന്‍ നല്‍കിയ കത്തിന് മുഖ്യമന്ത്രി മറുപടി വൈകിച്ചു. 20 ദിവസത്തിന് ശേഷമാണ് വിശദീകരണം നല്‍കിയത്. സ്വര്‍ണ കള്ളക്കടത്ത് ഗുരുതരമായ കുറ്റകൃത്യമാണ്. ദേശദ്രോഹ കുറ്റം നടന്നാല്‍ അതു തന്നെ അറിയിക്കേണ്ടതാണ്. സാധാരണ ഭരണപരമായ നടപടികളെക്കുറിച്ചല്ല താന്‍ ചോദിച്ചത്. മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച രാഷ്ട്രപതിയെ അറിയിക്കേണ്ടതാണ്. ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

Related News