ചെറുതുരുത്തിയില്‍ 3 പേരെ ട്രെയിൻ തട്ടിയെന്ന് ലോക്കോ പൈലറ്റ്; ഒരാളുടെ മൃതദേഹം കണ്ടെത്തി, ആത്മഹത്യയെന്ന് പൊലീസ്

  • 19/01/2025

തൃശൂർ ചെറുതുരുത്തി വെട്ടിക്കാട്ടിരിയില്‍ ട്രെയിൻ തട്ടിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ചെറുതുരുത്തി സ്വദേശി രവി (48) ആണ് മരിച്ചത്. മൂന്നുപേരെ ട്രെയിൻ തട്ടിയെന്ന് ലോക്കോ പൈലറ്റ് അറിയിച്ചതിനെ തുടർന്ന് പ്രദേശത്ത് ചെറുതുരുത്തി പൊലീസ് പരിശോധന നടത്തുകയായിരുന്നു. എന്നാല്‍ ഒരാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഒരാള്‍ മാത്രമാണ് അപകടത്തില്‍ പെട്ടതെന്ന് വ്യക്തമായതോടെ പൊലീസ് തെരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. 

രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. എറണാകുളത്തു നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ആലപ്പി കണ്ണൂർ എക്സ്പ്രസ് ആണ് രവിയെ തട്ടിയത്. ചെറുതുരുത്തിയില്‍ വെച്ച്‌ മൂന്നു പേരെ ട്രെയിൻ തട്ടിയെന്ന് ലോക്കോ പൈലറ്റ് ആണ് അറിയിച്ചത്. രണ്ടു പുരുഷൻമാരേയും ഒരു സ്ത്രീയേയും ട്രെയിൻ തട്ടിയെന്ന് ലോക്കോ പൈലറ്റ് പറഞ്ഞതിനെ തുടർന്ന് പ്രദേശത്ത് പരിശോധന നടത്തുകയായിരുന്നു. പരിശോധനയില്‍ ഒരു പുരുഷൻ്റെ മൃതദേഹം മാത്രമാണ് കണ്ടെത്തിയത്. മറ്റു രണ്ടു പേർക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ട്രെയിൻ ഒരാളെ മാത്രമാണ് തട്ടിയതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. മരിച്ചത് ചെറുതുരുത്തി സ്വദേശിയായ രവിയാണെന്നും തിരിച്ചറിഞ്ഞു.

അതേസമയം, ഇയാള്‍ ട്രാക്കിന് സമീപം ഓട്ടോ നിർത്തി ട്രെയിനിന് മുമ്ബില്‍ ചാടിയതാണെന്നാണ് പൊലീസ് നിഗമനം. കൂടെ രണ്ടു പേരുണ്ടെന്ന ലോക്കോ പൈലറ്റിന്റെ അറിയിപ്പിനെ തുടർന്ന് പൊലീസ് രണ്ടു കിലോമീറ്ററോളം തെരഞ്ഞെങ്കിലും ആരേയും കണ്ടെത്താനായില്ല. ലോക്കോ പൈലറ്റ് ട്രാക്കിന് സമീപത്ത് കൂടെ പോയ രണ്ടു പേരെ കണ്ടതാകാമെന്ന് പൊലീസ് പറയുന്നു. ഈ നിഗമനത്തില്‍ പൊലീസ് തെരച്ചില്‍ അവസാനിപ്പിച്ചു. ചെറുതുരുത്തി തഴപ്ര തെക്കേക്കരമേല്‍ വീട്ടില്‍ രാമൻ്റെ മകനാണ് മരിച്ച രവീന്ദ്രൻ എന്ന രവി. വെട്ടിക്കാട്ടിരിയില്‍ ഓട്ടോ ഡ്രൈവറും ചെത്തു തൊഴിലാളിയുമാണ്. ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തി മൃതദേഹം തൃശൂർ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. 

Related News