'കടുത്ത ഭിന്നതകള്‍ക്കിടയിലും നേതൃത്വം ഒറ്റക്കെട്ട്'; നേതാക്കള്‍ മാധ്യമങ്ങളെ കാണും, തര്‍ക്കത്തിന് പിന്നാലെ നീക്കം

  • 19/01/2025

നേതാക്കള്‍ക്കിടയിലെ കടുത്ത ഭിന്നതകള്‍ക്കിടെ പാർട്ടി നേതൃത്വം ഒറ്റക്കെട്ടാണെന്ന പ്രതീതി ഉണർത്താൻ കോണ്‍ഗ്രസ് നേതാക്കളുടെ സംയുക്ത വാർത്താ സമ്മേളനം ഇന്ന്. കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവർ ഒന്നിച്ച്‌ മാധ്യമങ്ങളെ കാണും. ഇതിനിടെ പുനസംഘടന ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം അറിയാൻ കേരളത്തിന്റെ ചുമതയുള്ള സംഘടന ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുൻഷി നേതാക്കളുമായി ഒറ്റക്കൊറ്റയ്ക്ക് കൂടിക്കാഴ്ച നടത്തും.

ഇന്നലെ നടന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ കടുത്ത വിമർശനമാണ് നേതാക്കള്‍ക്കെതിരെ ഉയർന്നത്. വിഡി സതീശനെതിരെ രൂക്ഷമായ വിമർശനമാണ് ഐ ഗ്രൂപ്പില്‍ നിന്നും കെസി വേണുഗോപാല്‍ പക്ഷത്തു നിന്നും ഉയർന്നിരുന്നത്. വിഡി സതീശനെ നേതാക്കള്‍ വളഞ്ഞിട്ട് ആക്രമിച്ചു. ഒറ്റയ്ക്ക് തീരുമാനങ്ങള്‍ എടുക്കാൻ സതീശൻ ആരെന്ന് എപി അനില്‍കുമാർ ചോദിച്ചു.

പ്രതിപക്ഷ നേതാവിന്‍റെ വസതി കോണ്‍ഗ്രസുകാർക്ക് അഭയകേന്ദ്രമല്ലാതായെന്നും നേരത്തെ ഇങ്ങനെ അല്ലായിരുന്നു എന്നും ശൂരനാട് രാജശേഖരന്‍ വിമർശിച്ചു. തർക്കം രൂക്ഷമായപ്പോള്‍ കെസി വേണുഗോപാല്‍ ഇടപെട്ടാണ് അവസാനിപ്പിച്ചത്. തമ്മിലടി തുടർന്നാല്‍ ചുമതല ഒഴിയുമെന്ന് ദീപദാസ് മുൻഷിയും മുന്നറിയിപ്പ് നല്‍കി. അതേസമയം പിവി അൻവറിനെ എടുത്തുചാടി മുന്നണിയിലെടുക്കേണ്ടെന്നും ധാരണയായി.

Related News