വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷക്ക് രേഖകള്‍ കാണാനില്ലെന്ന് മറുപടി; ഡിഡിഇ ഓഫീസില്‍ കമ്മീഷണര്‍ നേരിട്ടെത്തി പരിശോധന

  • 21/01/2025

ആലപ്പുഴയില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടിഡയറക്ടറുടെ ഓഫീസില്‍ സംസ്ഥാന വിവരാവകാശ കമ്മിഷണർ പരിശോധന നടത്തി. വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയ വ്യക്തിയുടെ പരാതിയെ തുടർന്നായിരുന്നു നടപടി. 14 ദിവസത്തിനകം പ്രശ്നം പരിഹരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കി. പൊതു ജനങ്ങള്‍ക്ക് അടിസ്ഥാനപരമായി ലഭിക്കേണ്ട വിവരങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തിയാല്‍ നടപടിയിലേക്ക് നീങ്ങുമെന്ന് വിവരാവകാശ കമ്മീഷണർ മുന്നറിയിപ്പ് നല്‍കി.

വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷയ്ക്ക് ആലപ്പുഴ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നിന്ന് അപേക്ഷകന് തൃപ്തികരമായ മറുപടി ലഭിച്ചില്ല. അപ്പീല്‍ നല്‍കിയപ്പോള്‍ രേഖകള്‍ ഓഫീസിലെ റെക്കോർഡ് റൂമില്‍ സൂക്ഷിച്ചിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് അപേക്ഷകൻ സംസ്ഥാന വിവരാവകാശ കമ്മീഷനെ സമീപിച്ചു. പരാതിയെ തുടർന്നാണ് വിവരാവകാശ കമ്മീഷണർ ആലപ്പുഴ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നേരിട്ടെത്തി പരിശോധന നടത്തിയത്.

14 ദിവസത്തിനകം പ്രശ്നം പരിഹരിക്കാൻ കമ്മീഷണർ ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കി. ഇല്ലെങ്കില്‍ നടപടിയിലേക്ക് നീങ്ങുമെന്നാണ് മുന്നറിയിപ്പ്. രേഖകള്‍ കാണാനില്ലെന്ന് പറഞ്ഞ് വിവരം നിഷേധിക്കുന്നത് വിവരാവകാശ ലംഘനമെന്ന് സർക്കാർ ഉത്തരവുകളിലുണ്ട്. ആലപ്പുഴ ജില്ലയിലെ വിവിധ കാലങ്ങളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട വിവരങ്ങളായിരുന്നു അപേക്ഷകൻ ആവശ്യപ്പെട്ടത്. പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉണ്ടായിരുന്നിട്ടും നിയമനം ലഭിക്കാതിരുന്നവരാണ് അപേക്ഷകർ എന്നാണ് വിവരം.

Related News