സ്വവര്‍ഗ വിവാഹത്തിന് അനുമതി നല്‍കിയ മൂന്നാമത്തെ ഏഷ്യൻ രാജ്യം; തായ്‌ലൻഡില്‍ ആയിരക്കണക്കിന് പേര്‍ വിവാഹിതരായി

  • 24/01/2025

തായ്‌ലൻഡില്‍ സ്വവർഗ, ട്രാൻസ്ജെൻഡർ വിവാഹങ്ങള്‍ നിയമ വിധേയമാക്കിയതോടെ വിവാഹിതരായി ആയിരക്കണക്കിന് ദമ്ബതികള്‍. നിയമം പ്രാബല്യത്തില്‍ വന്നതോടെ 18 വയസിനു മുകളില്‍ പ്രായമുള്ള എല്ലാ എല്‍ജിബിടിക്യു ദമ്ബതികള്‍ക്കും വിവാഹം രജിസ്റ്റർ ചെയ്യാം. തായ്‍വാനും നേപ്പാളിനും ശേഷം സ്വവർഗ വിവാഹം നിയമപരമാക്കുന്ന മൂന്നാമത്തെ ഏഷ്യൻ രാജ്യമാണ് തായ്‌ലൻഡ്.

കഴിഞ്ഞ ജൂണില്‍ നടന്ന പാർലമെന്‍റ് വോട്ടെടുപ്പിലാണ് സ്വവർഗ വിവാഹ ബില്‍ പാസായത്. ഈ നിയമം സെപ്റ്റംബറില്‍ രാജാവ് അംഗീകരിക്കുകയും 120 ദിവസത്തിന് ശേഷം പ്രാബല്യത്തില്‍ വരികയും ചെയ്തു. എല്ലാ വിവാഹിതരായ ദമ്ബതികള്‍ക്കും ദത്തെടുക്കാൻ കഴിയും. അനന്തരാവകാശവും നല്‍കും. നിയമ പ്രകാരം ലെസ്ബിയൻ ദമ്ബതികളായ സുമലി സുഡ്‌സൈനെറ്റ് (64), തനഫോണ്‍ ചോഖോങ്‌സുങ് (59) എന്നിവരാണ് ആദ്യമായി വിവാഹിതരായത്. പരമ്ബരാഗത വിവാഹ വസ്ത്രങ്ങള്‍ ധരിച്ച ആയിരക്കണക്കിന് ദമ്ബതികള്‍ ബാങ്കോക്ക് പ്രൈഡ് സംഘടിപ്പിച്ച എല്‍ജിബിടിക്യു സമൂഹ വിവാഹത്തിനെത്തി.

തായ് അഭിനേതാക്കളായ അപിവത് സയ്റീയും സപ്പന്യോയും ബാങ്കോക്കിലെ രജിസ്ട്രി ഓഫീസില്‍ വിവാഹിതരായവരില്‍ ഉള്‍പ്പെടുന്നു. ഇവർക്ക് വിവാഹ സർട്ടിഫിക്കറ്റ് കൈമാറി. 'ദശകങ്ങളോളം പോരാടി, ഇന്ന് ശ്രദ്ധേയമായ ദിവസമാണെ'ന്ന് ഇരുവരും പറഞ്ഞു. 

Related News