4 വര്‍ഷത്തില്‍ ബൈഡന് ചെയ്യാനാകാത്തത് ഒരാഴ്ചയില്‍ ചെയ്തുകാട്ടിയെന്ന് ട്രംപ്; 12 ഫെഡറല്‍ നിരീക്ഷക സമിതികള്‍ പിരിച്ചുവിട്ടു

  • 26/01/2025

അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് തിരിച്ചെത്തി ഒരാഴ്ചയാകുമ്ബോഴേക്കും നിരവധി വിവാദ തിരുമാനങ്ങളാണ് ഡോണള്‍ഡ് ട്രംപ് കൈക്കൊണ്ടത്. കുടിയേറ്റത്തിലും വിദേശ സഹായത്തിലുമെല്ലാം കടുത്ത തീരുമാനങ്ങള്‍ സ്വീകരിച്ച ട്രംപ് ഇപ്പോള്‍ അമേരിക്കൻ ഭരണ നിർവഹണത്തിലും പൊളിച്ചെഴുത്ത് നടത്തുകയാണ്. ഇതിന്‍റെ ആദ്യ പടിയായി 12 ഫെഡറല്‍ നിരീക്ഷക സമിതികള്‍ പിരിച്ചുവിട്ടു.

12 ഫെഡറല്‍ ഇൻസ്പെക്ടർ ജനറല്‍മാരുടെ സമിതികളാണ് ഒറ്റയടിക്ക് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പിരിച്ചുവിട്ടത്. നാലു വർഷം കൊണ്ട് ബൈഡൻ സർക്കാരിന് ചെയ്യാൻ കഴിയാത്തത് താൻ ഒരാഴ്ച കൊണ്ട് ചെയ്‌തെന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് തീരുമാനം അറിയിച്ചത്. താൻ കാര്യങ്ങള്‍ ചെയ്യാൻ തുടങ്ങിയിട്ടേ ഉള്ളൂ എന്ന പ്രഖ്യാപനവും ട്രംപ് നടത്തി. എന്നാല്‍ ട്രംപിന്‍റെ ഈ നടപടി ഉദ്യോഗസ്ഥരുടെ രോഷത്തിനും നിയമപരമായ ആശങ്കകള്‍ക്കും കാരണമായിട്ടുണ്ട്. വിമർശകർ ഇതിനെ "ചില്ലിംഗ് ശുദ്ധീകരണം" എന്നാണ് വിശേഷിപ്പിച്ചത്.

ഇത്തരം പിരിച്ചുവിടലുകള്‍ക്ക് മുമ്ബ് 30 ദിവസത്തെ നോട്ടീസ് നല്‍കണമെന്നാണ് നിയമമെന്നും വിമർശകർ ചൂണ്ടികാട്ടി. എന്നാല്‍ ഒറ്റ ദിവസത്തിലാണ് ട്രംപ് നടപടി കൈക്കൊണ്ടത്. ഇത് നിയമപരമായി തെറ്റാണെന്നാണ് വിമർശകർ പറയുന്നത്. ട്രംപിൻ്റെ ആദ്യ ടേമിലാണ് ഇപ്പോള്‍ പിരിച്ചുവിട്ട ഇൻസ്പെക്ടർ ജനറലുമാരില്‍ മിക്കവാറുമെല്ലാവരെയും നിയമിച്ചതെന്നാണ് വിവരം.

Related News