അമേരിക്കയില്‍ നിന്ന് നാടുകടത്തിയ കുടിയേറ്റക്കാരെ കൈവിലങ്ങണിയിച്ച് വിമാനത്തില്‍ എത്തിച്ചതിനെതിരെ ബ്രസീല്‍ സർക്കാർ. ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തോട് വിശദീകരണം ആവശ്യപ്പെടാനാണ് ബ്രസീല്‍ സർക്കാരിന്‍റെ തീരുമാനം. കുടിയേറ്റക്കാരോടുള്ള പെരുമാറ്റം നഗ്നമായ മനുഷ്യാവകാശ ലംഘനമാണെന്ന് ബ്രസീല്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
ട്രംപ് അധികാരമേറ്റതിന് പിന്നാലെ അനധികൃത കുടിയേറ്റക്കാരുടെ നാടുകടത്തലും അറസ്റ്റും തുടങ്ങി. ഗ്വാട്ടിമാല, ബ്രസീല്‍ തുടങ്ങി വിവിധ രാജ്യങ്ങളിലേക്ക് കുടിയേറ്റക്കാരുമായി സൈനിക വിമാനങ്ങള്‍ പറക്കുകയാണ്. അത്തരമൊരു വിമാനം ബ്രസീലിലെ മനൗസില്‍ ലാൻഡ് ചെയ്തപ്പോള്‍ വിമാനത്തിലുണ്ടായിരുന്ന 88 പേരുടെ കൈകളില്‍ വിലങ്ങണിയിച്ചിരുന്നു. ഇതറിഞ്ഞ ഉടൻ കൈവിലങ്ങുകള്‍ നീക്കം ചെയ്യാൻ യുഎസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി ബ്രസീല്‍ നീതിന്യായ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ബ്രസീല്‍ പൗരന്മാരുടെ മൗലികാവകാശങ്ങളോടുള്ള കടുത്ത അവഗണനയെക്കുറിച്ച് നീതിന്യായ മന്ത്രി റിക്കാർഡോ ലെവൻഡോവ്‌സ്‌കി പ്രസിഡന്‍റ് ലൂയിസ് ഡ സില്‍വയോട് പറഞ്ഞു. അമേരിക്കയോട് വിശദീകരണം തേടാൻ ബ്രസീല്‍ സർക്കാർ തീരുമാനിച്ചു- "വിമാനത്തില്‍, അവർ ഞങ്ങള്‍ക്ക് വെള്ളം നല്‍കിയില്ല. ഞങ്ങളുടെ കൈകാലുകള്‍ കെട്ടിയിരിക്കുകയായിരുന്നു. അവർ ബാത്ത്റൂമിലേക്ക് പോകാൻ പോലും അനുവദിച്ചില്ല. സാങ്കേതിക തകരാർ കാരണം നാല് മണിക്കൂർ വിമാനത്തില്‍ എസിയില്ലായിരുന്നു. ചിലർ ബോധംകെട്ടുവീണു"- വിമാനത്തില്‍ ഉണ്ടായിരുന്ന എഡ്ഗർ ഡ സില്‍വ മൗറ, ലൂയിസ് അന്‍റോണിയോ റോഡ്രിഗസ് സാന്‍റോസ് എന്നീ ബ്രസീലുകാർ പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?