'ജീവൻ നിലനിര്‍ത്താനായി അവര്‍ സ്വന്തം മാംസം ഭക്ഷിച്ചു'; സ്വര്‍ണഖനിയില്‍ കുടുങ്ങിയ തൊഴിലാളികളുടെ നരകജീവിതം -റിപ്പോര്‍ട്ട്

  • 29/01/2025

ദക്ഷിണാഫ്രിക്കയിലെ ആഴമേറിയ ഖനിക്കുള്ളില്‍ മാസങ്ങളായി കുടുങ്ങിക്കിടക്കുന്ന ഖനിത്തൊഴിലാളികള്‍ അതിജീവനത്തിനായി മനുഷ്യമാംസം ഭക്ഷിച്ചതായി റിപ്പോർട്ട്. ഖനിയില്‍ കുടുങ്ങിക്കിടക്കുന്നവർ അതിജീവിക്കാനായി കൈകാലുകളിലെയും വാരിയെല്ലുകളുടെയും ഭാഗങ്ങള്‍ ഭക്ഷിക്കുന്നതായാണ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തത്. ദക്ഷിണാഫ്രിക്കയിലെ ബഫല്‍സ്ഫോണ്ടെയ്ൻ ഗോള്‍ഡ് ഖനിയിലാണ് ആയിരക്കണക്കിന് അനധികൃത തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നത്.

ഖനനം അവസാനിപ്പിച്ച ഖനിക്കുള്ളില്‍ സ്വർണം തേടിയാണ് ഇവർ ഇറങ്ങിയത്. അടുത്തിടെ, 324 ഖനിത്തൊഴിലാളികളെ പുറത്തെത്തിച്ചിരുന്നു. ഇതില്‍ 78 പേർ മരിച്ചു. അധികൃതർ ആവശ്യപ്പെട്ടിട്ടും തൊഴിലാളികള്‍ പുറത്തിറങ്ങാൻ കൂട്ടാക്കിയിരുന്നില്ല. തുടർന്ന് ഭക്ഷണം വിതരണം തടഞ്ഞുവെച്ചെന്നും റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. അനധികൃത ഖനനം, സ്വർണം കൈവശം വയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ പുറത്തിറക്കിയവർക്കെതിരെ ചുമത്തി. പുറത്തെത്തിയവരാണ് ഭീകരമായ അവസ്ഥ വിവരിച്ചത്.

ഉപജീവനത്തിനായി ,സ്വന്തം കാലുകള്‍, കൈകള്‍, വാരിയെല്ലുകള്‍ എന്നിവ മുറിച്ച്‌ ഭക്ഷിച്ചുവെന്ന് തൊഴിലാളികള്‍ ദ ടെലിഗ്രാഫിനോട് പറഞ്ഞു. തൊഴിലാളികളില്‍ നിന്ന് ചീഞ്ഞളിഞ്ഞ ദുർഗന്ധവും അവരില്‍ നിന്ന് പുറപ്പെടുന്നുണ്ടെന്ന് രക്ഷാപ്രവർത്തകരിലൊരാള്‍ ബിബിസിയോട് പറഞ്ഞു. ഖനിക്കുള്ളില്‍ മരിച്ചവരുടെ മാംസം ഭക്ഷിച്ചെന്നും ഇവർ പറയുന്നു. രാജ്യത്തെ അനധികൃത ഖനിത്തൊഴിലാളികളും പൊലീസും തമ്മിലുള്ള പ്രശ്നങ്ങള്‍ക്കിടെയാണ് ഇത്രയും പേർ മരിച്ചത്.

Related News