'വിശ്വാസം ഉപേക്ഷിക്കുന്നവരെ മതം എന്തിന് ഭരിക്കണം?'; പിന്തുടര്‍ച്ചാവകാശ നിയമത്തിനായി സഫിയയുടെ നിര്‍ണായക ചുവടുവെപ്പ്

  • 31/01/2025

മതം ഉപേക്ഷിച്ചവരെ മതേതര പിന്തുടര്‍ച്ചാവകാശ നിയമങ്ങളുടെ പരിധിയില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം തേടിയതോടെ ആലപ്പുഴ സ്വദേശിയായ സഫിയയും മതേതര നിയമങ്ങള്‍ അനുസരിച്ച്‌ ജീവിക്കാനുള്ള അവരുടെ പോരാട്ടവും ചര്‍ച്ചയാവുകയാണ്. മതവും ജാതിയുമില്ലാത്തവരുടെ മൗലികാവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തിലെ നിര്‍ണായ ചുവടുവെപ്പാണ് പിഎം സഫിയയുടെ ഹര്‍ജിയെന്നാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. 

താന്‍ ഒരു അവിശ്വാസിയാണെന്നും അതിനാല്‍ മുസ്ലീം വ്യക്തി നിയമത്തിന് പകരം മതേതര പിന്തുടര്‍ച്ചാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് സഫിയ സുപ്രീംകോടതിയെ സമീപിച്ചത്. മതം ഉപേക്ഷിക്കുന്ന ആളുകളുടെ പന്തുടര്‍ച്ചാവകാശങ്ങള്‍ക്കായി ഒരു വ്യവസ്ഥയും ഇല്ലാത്തത് അവരെ അപകടകരമായ അവസ്ഥയിലാക്കുന്നുവെന്ന് സഫിയ പറഞ്ഞു. കാരണം മതേതര നിയമങ്ങളോ മതനിയമങ്ങളോ അവരെ സംരക്ഷിക്കില്ല. ശരിയത് നിയമം അനുസരിച്ച്‌ ഇസ്ലാം മതം ഉപേക്ഷിച്ച ഒരാള്‍ക്ക് എല്ലാ അവകാശങ്ങളും നഷ്ടപ്പെടും.

വിശ്വാസം ഉപേക്ഷിച്ച ഒരാളില്‍ മതം എന്തിന് സ്വാധീനം ചെലുത്തണമെന്നാണ് സഫിയ ചോദിക്കുന്നത്. രാജ്യത്തെ എല്ലാ സ്ത്രീകളെയും ബാധിക്കുന്ന ഒരു പ്രശ്‌നമാണിത്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ കേസില്‍ കക്ഷി ചേരാന്‍ ആരും സന്നദ്ധത പ്രകടിപ്പിച്ചില്ല. പിന്തുടര്‍ച്ചാവകാശത്തിലെ വിവേചനമാണ് തന്നെ സുപ്രീംകോടതിയിലേയ്ക്ക് പോകാന്‍ നിര്‍ബന്ധിതയാക്കിയതെന്ന് സഫിയ പറയുന്നു.

Related News