ഒമ്ബതുകാരിയെ പീഡിപ്പിക്കാൻ പദ്ധതിയിട്ട മുൻ യു.എസ് ഉന്നത ഉദ്യോഗസ്ഥന് 11.5 വര്‍ഷം തടവ്

  • 31/01/2025

ഒൻപത് വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നതിനായി ഇംഗ്ലണ്ടിലെത്തിയ യു.എസ് ഗവണ്‍മെന്റിലെ മുൻ ഉന്നത ഉദ്യോഗസ്ഥന് യു.കെയില്‍ 11.5 വർഷം തടവു ശിക്ഷ. ഒബാമ ഭരണകൂടത്തിലെ ഭീകരവാദ വിരുദ്ധ ഉപദേശകനും അന്താരാഷ്ട്ര ഇൻവെസ്റ്റ്‌മെന്റ് ബാങ്കറുമായ റഹാമിം ഷൈ (47) എന്നയാള്‍ക്കെതിരെയാണ് ഇംഗ്ലണ്ടിലെ ലുട്ടൻ ക്രൗണ്‍ കോടതി ശിക്ഷ വിധിച്ചത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ബെഡ്‌ഫോഡില്‍ വെച്ചാണ് ഇയാള്‍ അറസ്റ്റിലായത്. 

ഇംഗ്ലണ്ടിലെ കിഴക്കൻ കൗണ്ടിയായ ബെഡ്‌ഫോഡ്‌ഷെയറിലെ പൊലീസ് നടത്തിയ രഹസ്യ ഓപറേഷനിലാണ് അമേരിക്കയിലെ ന്യൂജേഴ്‌സി സ്വദേശിയായ ഷൈ വലയിലായത്. ഇയാള്‍ പീഡിപ്പിക്കാൻ ലക്ഷ്യമിട്ടെത്തിയ പെണ്‍കുട്ടി യഥാർത്ഥത്തില്‍ പൊലീസിന്റെ സാങ്കല്‍പ്പിക സൃഷ്ടി മാത്രമായിരുന്നു. ഇല്ലാത്ത പെണ്‍കുട്ടിയുടെ മുത്തശ്ശിയായി അഭിനയിച്ച ബെഡ്‌ഫോഡ്‌ഷെയർ പൊലീസിലെ ഉദ്യോഗസ്ഥയുമായി ഒരു മാസത്തോളം ആശയവിനിമയം നടത്തിയ ശേഷമാണ് ഇയാള്‍ കൂടിക്കാഴ്ചയ്ക്കു വേണ്ടി ഇംഗ്ലണ്ടിലെത്തിയത്. പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ താൻ ഉദ്ദേശിക്കുന്ന രീതിയെക്കുറിച്ച്‌ ഇയാള്‍ വിശദമായി 'മുത്തശ്ശി'യോട് ഓണ്‍ലൈൻ സന്ദേശങ്ങളിലൂടെ വിവരിച്ചിരുന്നു. 

2024 ഫെബ്രുവരി 23-നാണ് ഷൈ ഗാറ്റ്‌വിക്ക് എയർപോർട്ടില്‍ വിമാനമിറങ്ങിയത്. അവിടെ നിന്ന് പെണ്‍കുട്ടിയുടെ 'മുത്തശ്ശി'യെ കാണാൻ ബെഡ്‌ഫോഡിലേക്ക് ഡ്രൈവ് ചെയ്യുന്നതിനിടെ പൊലീസ് പിടികൂടുകയായിരുന്നു. ഇയാളുടെ ബാഗില്‍ നിന്ന് പെണ്‍കുട്ടിയെ വശീകരിക്കാനും പീഡിപ്പിക്കാനും ഉദ്ദേശിച്ചുള്ള വസ്തുക്കള്‍ പിടികൂടിയെന്നും കോടതിയെ അക്കാര്യം ബോധ്യപ്പെടുത്താൻ കഴിഞ്ഞുവെന്നും പൊലീസ് പറഞ്ഞു. വിചാരണക്കിടെ, താൻ അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാൻ പ്രതി ശ്രമിച്ചിരുന്നു. 

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്താനുദ്ദേശിച്ച്‌ ആശയവിനിമയം നടത്തുന്ന സമയത്ത് ഇയാള്‍ അമേരിക്കയിലായിരുന്നുവെന്നും, അതിനാല്‍ യു.കെയിലെ വിചാരണയില്‍ നിന്ന് ഒഴിവാക്കണമെന്നും ഷൈയുടെ അഭിഭാഷകർ വാദിച്ചു. 

Related News