3 ദിവസത്തില്‍ 550 ഭൂചലനം, ഗ്രീക്ക് ദ്വീപില്‍ അടിയന്തരാവസ്ഥ, സുനാമി ഭീഷണിക്ക് പിന്നാലെ സ്കൂളുകള്‍ക്ക് അവധി

  • 07/02/2025

മൂന്ന് ദിവസത്തിനിടെ 550 ഭൂചലനങ്ങള്‍ ഉണ്ടായതിന് പിന്നാലെ സാന്‍റോറിനിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഗ്രീക്ക് ദ്വീപിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്. ബുധനാഴ്ച 5.2 തീവ്രതയുള്ള ചലനം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഗ്രീക്ക് ദ്വീപില്‍ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഈ അടുത്ത ദിവസങ്ങളില്‍ മേഖലയിലുണ്ടായ ഏറ്റവും ശക്തിയേറിയ ഭൂചലനം രേഖപ്പെടുത്തിയതിന് പിന്നാലെ 11,000ലേറെ പേരയാണ് ദ്വീപില്‍ നിന്ന് മാറ്റി താമസിപ്പിച്ചിട്ടുള്ളത്.

മാർച്ച്‌ മൂന്ന് വരെയാണ് അടിയന്തരാവസ്ഥയെന്നാണ് സർക്കാർ വിശദമാക്കിയിട്ടുള്ളത്. നാശനഷ്ടമടക്കമുള്ളവ കൈകാര്യം ചെയ്യുന്നതിനാണ് ഒരുമാസത്തോളം നീളുന്ന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്. ബോട്ടിലും വിമാന മാർഗത്തിലുമായാണ് ആളുകളെ ദ്വീപില്‍ നിന്ന് മാറ്റിപ്പാർപ്പിച്ചിട്ടുള്ളത്. 6.0ല്‍ അധികം തീവ്രതയുള്ള ഭൂചലനം ദ്വീപില്‍ ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്ന വിലയിരുത്തലിലാണ് മുൻകരുതല്‍.

ഗ്രീക്ക് പ്രധാനമന്ത്രി ദ്വീപ് ഇന്ന് സന്ദർശിക്കുമെന്നാണ് വിശദമാക്കിയിട്ടുള്ളത്. അടുത്ത ദിവസങ്ങളിലും മേഖലയില്‍ ഭൂചലനമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഗ്രീസിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് സാന്‍റോറിനി. നിലവില്‍ ഓഫ് സീസണായതിനാല്‍ ദ്വീപിലെ താമസക്കാരും ജോലിക്കാരുമാണ് ദ്വീപില്‍ നിന്ന് ഒഴിപ്പിക്കുന്നതില്‍ ഏറെയും. ആശുപത്രികളിലെ ജീവനക്കാരെ അവധിയും ഓഫും റദ്ദാക്കി തിരികെ വിളിച്ചിരിക്കുകയാണ്. സുനാമി ഭീഷണി കൂടിയുള്ളതിനാല്‍ സ്കൂളുകള്‍ക്ക് അവധിയും നല്‍കിയിട്ടുണ്ട്.

Related News