വാഹനാപകടവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ വംശജന് 25 വർഷം വരെ തടവ് വിധിച്ച് ന്യൂയോർക്ക് കോടതി

  • 08/02/2025

കൗമാര പ്രായക്കാരായ രണ്ട് ടെന്നീസ് താരങ്ങളുടെ മരണത്തിനിടയാക്കിയ വാഹനാപകടവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ വംശജന് 25 വർഷം വരെ തടവ് ശിക്ഷ ലഭിച്ചു. കൊക്കെയ്ന്‍ ഉപയോഗിച്ച്‌, അമിതമായി മദ്യപിച്ച്‌ മണിക്കൂറില്‍ 150 കിലോമീറ്റർ വേഗതയില്‍ വാഹനമോടിച്ചതിനും 2 പേര്‍ മരിക്കാനിടിയായ സാഹചര്യത്തിലുമാണ് ഇന്ത്യക്കാരനായ യുവാവിന് തടവ് ശിക്ഷ ലഭിച്ചത്. അമന്‍ദീപ് സിങ് എന്നു പേരുള്ളയാളാണ് പൊലീസിന്റെ പിടിയിലായത്. 

മരിച്ച കൗമാരക്കാരുടെ വീട്ടുകാര്‍ അനുയോജ്യമായ ശിക്ഷ നല്‍കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തന്നോടുള്ള കോപം പൂർണ്ണമായി മനസ്സിലാക്കുന്നുവെന്നും ശിക്ഷ സ്വീകരിക്കുന്നുവെന്നും അമന്‍ദീപ് സിങ് പറഞ്ഞു. "എന്റെ തെറ്റാണ്. ഒരു കുഞ്ഞിനെ നഷ്ടപ്പെട്ടതാണ് ഏറ്റവും വലിയ ദുഃഖം. ഞാൻ മഹാപാപം ചെയ്തു. ആരെങ്കിലും മരിക്കണമായിരുന്നെങ്കില്‍ അത് ഞാനാകണമായിരുന്നുവെന്നും" ശിക്ഷ വിധിക്കും മുന്‍പേ പശ്ചാത്തപത്തോടെ അമന്‍ദീപ് ജഡ്ജി ഹെലൻ ഗുഗെർട്ടിയോട് പറഞ്ഞു. പ്രതിക്കെതിരെ ചുമത്തിയ ശിക്ഷ പ്രകാരം, പരോളിനായി പരിഗണിക്കപ്പെടുന്നതിന് മുമ്ബ് സിംഗ് ഏറ്റവും കുറഞ്ഞ ശിക്ഷ അനുഭവിച്ചിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. അതേ സമയം ജയിലിലെ പെരുമാറ്റത്തിൻ്റെ അടിസ്ഥാനത്തില്‍ പരോളിന് യോഗ്യത കിട്ടിയില്ലെങ്കില്‍ ശിക്ഷ കാലാവധി പരമാവധി 25 വർഷം വരെ നീളുമെന്നാണ് എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്യുന്നത്. 36 കാരനായ പ്രതി ഒരു കണ്‍സ്ട്രക്ഷൻ കമ്ബനിയില്‍ പ്രോജക്‌ട് മാനേജരായി ജോലി ചെയ്തു വരികയാണ്.

2023 മെയിലാണ് കേസിനാസ്പദമായ സംഭവം. രാത്രിയില്‍ സിംഗ് തൻ്റെ ഡോഡ്ജ് റാം ട്രക്കില്‍ മണിക്കൂറില്‍ 65 കിലോമീറ്റർ വേഗപരിധിയുള്ള മേഖലയിലൂടെ 150 കിലോമീറ്റർ വേഗതയില്‍ വേഗതയില്‍ സഞ്ചരിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് അപകടമുണ്ടായത്. മെഡിക്കല്‍ പരിശോധനകള്‍ നടത്തിയപ്പോള്‍ പ്രതിയുടെ രക്തത്തിലെ ആല്‍ക്കഹോളിന്റെ അളവ് 0.15 ശതമാനമായിരുന്നു. 0.8 ശതമാനത്തിനു താഴെ മാത്രമാണ് ഉണ്ടാകാന്‍ അനുമതിയുള്ള പരിധി. രക്തത്തില്‍ കൊക്കെയ്‌നിൻ്റെ സാന്നിധ്യമുണ്ടെന്നും പരിശോധനയില്‍ തെളിഞ്ഞു.

Related News