മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവന്റെ തുടിപ്പ് കണ്ടെത്തിയ കണ്ണൂർ കൂത്തുപറമ്ബ് സ്വദേശി പവിത്രൻ (67) മരിച്ചു. ശ്വാസകോശ രോഗത്തിന് ചികിത്സയിലായിരുന്നു. കൂത്തുപറമ്ബിലെ വീട്ടിലായിരുന്നു അന്ത്യം. ജനുവരി 13ന് കണ്ണൂരിലെ ആശുപത്രിയില്‍ മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ആശുപത്രി ജീവനക്കാർ ജീവനുണ്ടെന്ന് തിരിച്ചറിയുകയായിരുന്നു.
ഗുരുതരമായ ശ്വാസകോശരോഗത്തെ തുടർന്ന് മംഗളൂരു ഹെഗ്ഡെ ആശുപത്രിയില്‍ വെന്‍റിലേറ്ററില്‍ ചികിത്സയിലായിരുന്ന പവിത്രൻ മരിച്ചെന്ന് ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബന്ധുക്കള്‍ പവിത്രനുമായി നാട്ടിലെത്തിയത്. സംസ്കാര ചടങ്ങുകള്‍ക്കുള്ള ഏർപ്പാടും നടത്തിയിരുന്നു. പ്രാദേശിക ജനപ്രതിനിധിയുടെ കത്ത് പ്രകാരം പിറ്റേന്ന് സംസ്കാരം നടത്തുന്നതിനായി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു.
മോർച്ചറിയില്‍ നിന്ന് ആശുപത്രി ജീവനക്കാർ പവിത്രനില്‍ ജീവന്റെ തുടിപ്പുണ്ടെന്ന് തിരിച്ചറിഞ്ഞ് തിരികെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് 11 ദിവസത്തെ ചികിത്സക്ക് ശേഷം ആരോഗ്യം ഭേദമായി ആശുപത്രി വിട്ടിരുന്നു. അതിനിടയിലാണ് ഇന്ന് മരണം സംഭവിച്ചത്.
എകെജി ആശുപത്രിയിലെ ഡോക്ടർ പൂർണിമ റാവുവിൻ്റെ ചികിത്സയ്ക്ക് ശേഷം ജനുവരി 24ന് ആണ് പവിത്രൻ ആശുപത്രി വിട്ടത്. വീട്ടില്‍ കഴിയുന്നതിനിടെ ആരോഗ്യ നില വഷളായതിനെ തുടർന്ന് മരിക്കുകയായിരുന്നു. പവിത്രൻ്റെ അത്ഭുതകരമായ തിരിച്ചുവരവ് മാധ്യമങ്ങളില്‍ വലിയ വാർത്തയായി മാറിയിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?