അള്‍ത്താരയിലേക്ക് ഓടിക്കയറിയ യുവാവ് വൈദികന് നേരെ കത്തി വീശി; ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്, സംഭവം കാനഡയില്‍

  • 12/02/2025

കുർബാനക്കിടെ വൈദികന് നേരെ കത്തിവീശി യുവാവ്. അള്‍ത്താരയില്‍ പ്രവേശിച്ച അക്രമി അപ്രതീക്ഷിതമായി കത്തിയെടുത്ത് വൈദികന് നേരെ വീശുകയായിരുന്നു. കുതറിയോടിയത് കൊണ്ടുമാത്രം തലനാരിഴയ്ക്കാണ് വൈദികൻ രക്ഷപ്പെട്ടത്. ഞെട്ടിക്കുന്ന ദൃശ്യം പുറത്തു വന്നു. കാനഡയിലെ വിന്നിപെഗ് ചർച്ചിലാണ് സംഭവം നടന്നത്.

ഞായറാഴ്ച വൈകുന്നേരത്തെ പ്രാർത്ഥനക്കിടെയാണ് വൈദികന് നേരെ വധശ്രമം നടന്നത്. സെല്‍കിർക്ക് അവന്യൂവിലെ ഹോളി ഗോസ്റ്റ് ഇടവകയില്‍ വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. പ്രാർത്ഥനാ ശുശ്രൂഷക്കിടെ അള്‍ത്താരയിലേക്ക് അപ്രതീക്ഷിതമായി ഓടിക്കയറുകയായിരുന്നു യുവാവ്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകും മുൻപ് അക്രമി വൈദികനെ കത്തിയെടുത്ത് കുത്താനൊരുങ്ങി. പരിഭ്രാന്തനായി കുതറിയോടിയ വൈദികനെ അക്രമി പിടിച്ചുവയ്ക്കാൻ ശ്രമിക്കുന്ന ദൃശ്യം പുറത്തുവന്നു.

38 കാരനായ പാസ്റ്റർ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടെന്ന് കനേഡിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ റിപ്പോർട്ട് ചെയ്തു. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമിയുടെ വിശദാംശങ്ങളോ എന്തിനാണ് ഇയാള്‍ വൈദികനെ ആക്രമിക്കാൻ ശ്രമിച്ചതെന്നോ ഇപ്പോള്‍ വ്യക്തമല്ല."ഇത് തികച്ചും അപൂർവമായ സംഭവമാണ്. പള്ളിയില്‍ പോകുമ്ബോള്‍ ആയുധമുണ്ടാകുമെന്ന് ആരും കരുതില്ലല്ലോ. എല്ലാവരെയും ഞെട്ടിച്ച സംഭവമാണിത്"- വിന്നിപെഗ് പൊലീസ് വക്താവ് സ്റ്റീഫൻ സ്പെൻസർ പറഞ്ഞു.

Related News