ഓസ്കാര്‍ ജേതാവ് ജീൻ ഹാക്ക്മാനും ഭാര്യയും വീട്ടില്‍ മരിച്ച നിലയില്‍; വളര്‍ത്തുനായയുടെ ജഡവും സമീപം

  • 27/02/2025

പ്രശസ്ത ഹോളിവുഡ് നടനും ഓസ്കാർ ജേതാവുമായ ജീൻ ഹാക്ക്മാനും ഭാര്യയും മരിച്ച നിലയില്‍. അമേരിക്കയിലെ ന്യൂ മെക്സിക്കോയിലെ സാന്താ ഫെയിലുള്ള വീട്ടിലാണ് നടനെയും ഭാര്യ ബെറ്റ്സി അരകാവയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ വളർത്തുനായയുടെ ജഡവും വീടിനുള്ളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. രണ്ട് തവണ ഓസ്കാർ പുരസ്‌കാരം നേടിയ ആളാണ് ജീൻ ഹാക്ക്മാൻ. പിയാനിസ്റ്റാണ് ബെറ്റ്സി.

പ്രാദേശികസമയം ബുധനാഴ്ച രാത്രിയോടെയാണ് സംഭവം ഉണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ദമ്ബതികളെയും നായയെയും മരിച്ച നിലയില്‍ കണ്ടെത്തിയതായി സാന്താ ഫെ കൗണ്ടി ഷെരീഫ് അദാൻ മെൻഡോസ സ്ഥിരീകരിച്ചിട്ടുണ്ട്. ഹാക്ക്മാന് 95 ഉം ഭാര്യയ്ക്ക് 63 ഉം വയസ്സായിരുന്നു. മരണകാരണം ഇതുവരെ കണ്ടെത്താൻ ആയിട്ടില്ല. നിലവില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. ദുരൂഹതകള്‍ ഇല്ലെന്നാണ് കരുതുന്നതെന്നും പോലീസ് വ്യക്തമാക്കി.

2000 കളുടെ തുടക്കത്തില്‍ ഹോളിവുഡില്‍ നിന്ന് വിരമിച്ച ഹാക്ക്മാൻ ഏറെകാലം പൊതുജനങ്ങളുടെ ശ്രദ്ധയില്‍ നിന്ന് മാറി സ്വകാര്യജീവിതം നയിച്ച്‌ വരുകയായിരുന്നു. 2024 ല്‍ ഭാര്യയോടൊപ്പം സാന്താ ഫെയിലാണ് അദ്ദേഹത്തെ വീണ്ടും പൊതുരംഗത്ത് കണ്ടത്. നൂറിലേറെ കഥാപാത്രങ്ങളെ അനശ്വരനാക്കിയ വിഖ്യാത നടനാണ് ജീൻ ഹാക്ക്മാൻ. 1930-ല്‍ കാലിഫോര്‍ണിയയില്‍ ജനിച്ച അദ്ദേഹം, സൈനിക ജീവിതത്തിനിടെയാണ് അഭിനയത്തിലേക്ക് തിരിഞ്ഞത്. 

Related News