വയനാട് പുനരധിവാസം: യുഡിഎഫിന്റെ കളക്‌ട്രേറ്റ് ഉപരോധം സംഘര്‍ഷത്തില്‍, ജീവനക്കാരെ കടത്തിവിട്ടില്ല

  • 28/02/2025

വയനാട് പുനരധിവാസത്തില്‍ വീഴ്ചയെന്നാരോപിച്ച്‌ യുഡിഎഫ് നടത്തിയ കളക്‌ട്രേറ്റ് ഉപരോധം സംഘർഷത്തില്‍. കളക്‌ട്രേറ്റിന്റെ ഗേറ്റുകള്‍ വളഞ്ഞുള്ള ഉപരോധമാണ് സംഘർഷത്തിലേക്ക് എത്തിയത്. സമരം ചെയ്യുന്ന ദുരന്തബാധിതർക്ക് പിന്തുണ പ്രഖ്യാപിച്ചുള്ള രാപ്പകല്‍ സമരത്തിന് ശേഷമായിരുന്നു കളക്‌ട്രേറ്റിന്റെ ഗേറ്റുകള്‍ വളഞ്ഞ്, ജീവനക്കാരെ ഉള്ളിലേക്ക് കടത്തിവിടാതെയുള്ള യുഡിഎഫ് ഉപരോധം.

സമരത്തിനിടെ ചില ജീവനക്കാർ കളക്ടേറ്റിന് ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷം ഉടലെടുത്തത്. ജീവനക്കാരൻ കളക്ടറേറ്റില്‍ കടന്നുവെന്നാരോപിച്ച്‌ യുഡിഎഫ് പ്രവർത്തകർ കളക്ടറേറ്റ് വളപ്പ് ചാടിക്കടന്നു. ഒരു ജീവനക്കാരനെയും കളക്ടറേറ്റിനകത്ത് കയറ്റാൻ സമ്മതിക്കില്ലെന്ന് നേതാക്കള്‍ പറഞ്ഞു.

പൊലീസ് സമരവേദിയിലെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയതോടെ നേതാക്കളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന വാഹനത്തിന് മുന്നില്‍ കയറിയും പ്രതിഷേധ പ്രകടനം നടന്നു.10 സെന്റ് ഭൂമിയെങ്കിലും ഓരോ കുടുംബത്തിനും നല്‍കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. ദുരന്തം നടന്ന് 7 മാസക്കാലം ആരും പ്രക്ഷോഭത്തിലേക്ക് പോയിട്ടില്ലെന്നും സഹികെട്ടാണ് ദുരന്തബാധിതർ സമരത്തിനിറങ്ങിയതെന്നും കോണ്‍ഗ്രസ് നേതാവ് ടി സിദ്ധിക്ക് എംഎല്‍എ പ്രതികരിച്ചു. 

Related News