ഷഹബാസിനെ മര്‍ദ്ദിച്ചവരെ അറിയാമെന്ന് സുഹൃത്തുക്കള്‍; 'അവര്‍ നേരത്തെ ഭീഷണി മുഴക്കിയിരുന്നു'

  • 01/03/2025

താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട എളേറ്റില്‍ എംജെ സ്കൂള്‍ വിദ്യാർത്ഥി ഷഹബാസിനെ മർദ്ദിച്ചവരെ അറിയാമെന്ന് സുഹൃത്തുക്കള്‍. താമരശ്ശേരി സ്കൂളിലെ കുട്ടികളാണ് മർദ്ദിച്ചത്. ഇവർ ഷഹബാസിനെ മർദ്ദിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. രണ്ട് ദിവസം മുന്നേ ഷഹബാസിന്റെ ചങ്ങാതിയെയും മർദിച്ചിരുന്നു. ഷഹബാസിനെ തല്ലുമെന്ന് ആക്രമിച്ചവർ താക്കീത് നല്‍കിയിരുന്നുവെന്നും സുഹൃത്തുക്കള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

എന്നാല്‍ ഷഹാബാസിനെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടു പോയ ആളുകളെ അറിയില്ലെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ഷഹബാസിന്റെ സുഹൃത്തിനെ രണ്ടു ദിവസം മുമ്ബ് അടിച്ച പ്രശ്നം ഉണ്ടായിരുന്നു. ഡാൻസ് പരിപാടിയുടെ ഭാഗം ആയിരുന്നു ഇത്. പിന്നാലെയാണ് ഭീഷണിയുണ്ടായതെന്നും ഷഹബാസ് നന്നായി പഠിക്കുന്ന കുട്ടി ആയിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.

ഇക്കഴിഞ്ഞ ഞായറാഴ്ച താമരശ്ശേരിയില്‍ സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ പത്താം ക്ലാസുകാരുടെ യാത്രയയപ്പ് ആഘോഷത്തിനിടെ ഡാന്‍സിന്റെ പാട്ടു നിലച്ചതിനെച്ചൊല്ലിയുളള നിസാര തര്‍ക്കമാണ് വലിയ ഏറ്റുമുട്ടലിലേക്കും ഒടുവില്‍ പത്താം ക്ലാസുകാരന്റെ മരണത്തിലേക്കും നയിച്ചത്. പരിപാടിയില്‍ എളേറ്റില്‍ എംജെ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പെണ്‍കുട്ടികള്‍ ഡാന്‍സ് ചെയ്തിരുന്നു. എന്നാല്‍ ഇതിനിടെ ഫോണ്‍ തകരാറിലായി പാട്ടു നിലയ്ക്കുകയും നൃത്തം തടസപ്പെടുകയും ചെയ്തു. പിന്നാലെ താമരശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികള്‍ കൂക്കി വിളിച്ചു. കൂക്കി വിളിച്ച കുട്ടികളോട് നൃത്തം ചെയ്ത എളേറ്റില്‍ എംജെ സ്കൂളിലെ പെണ്‍കുട്ടി ദേഷ്യപ്പെടുകയും വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തു.

Related News