കൊടുംചൂടിന് ആശ്വാസമായി വേനല്‍മഴ; വടക്കന്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

  • 02/03/2025

സംസ്ഥാനത്ത് കടുത്ത ചൂടിന് ആശ്വാസമായി വേനല്‍മഴ സാധ്യത തുടരുന്നു. കൊല്ലം ജില്ലയില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടത്തരം മഴയ്ക്കും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ട നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം ഉയര്‍ന്ന താപനില മുന്നറിയിപ്പും തുടരുന്നുണ്ട്. സാധാരണയെക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. വടക്കന്‍ ജില്ലകളിലും മധ്യകേരളത്തിലുമാണ് ഉയര്‍ന്ന താപനില തുടരുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 38 ഡിഗ്രി വരെ താപനില ഉയരാം. കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ 37 ഡിഗ്രി വരെയും താപനില ഉയര്‍ന്നേക്കാമെന്നാണ് അറിയിപ്പ്.

ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പകല്‍ 11 മണി മുതല്‍ മൂന്നു മണി വരെ സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

Related News