പി ജയരാജനെ വീണ്ടും തഴയും; കണ്ണൂരില്‍ നിന്നും പി ശശിക്ക് സാധ്യത; മൂന്ന് നേതാക്കള്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്നും പുറത്താകും

  • 03/03/2025

സിപിഎമ്മിന്റെ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടിയിലെ തലമുറ മാറ്റത്തിന് ഊര്‍ജ്ജം പകര്‍ന്ന് നിരവധി യുവ നേതാക്കളെ സംസ്ഥാന നേതൃത്വത്തിലേക്ക് കൊണ്ടു വന്നിരുന്നു. കഴിഞ്ഞ തവണ എട്ട് പുതുമുഖങ്ങളെയാണ് സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയത്. ആ രീതി വ്യാഴാഴ്ച കൊല്ലത്ത് ആരംഭിക്കുന്ന 24-ാമത് സംസ്ഥാന സമ്മേളനത്തിലും തുടര്‍ന്നേക്കുമെന്നാണ് സൂചന. 

പ്രായപരിധി മാനദണ്ഡം പരിഗണിച്ച്‌ മൂന്ന് മുതിര്‍ന്ന നേതാക്കള്‍ ഇത്തവണ 17 അംഗ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്നും പുറത്താകും. എ കെ ബാലന്‍, പി കെ ശ്രീമതി, ആനാവൂര്‍ നാഗപ്പന്‍ എന്നിവരാണ് പുറത്താകുക. എ കെ ബാലന് പകരം പാലക്കാട്ടു നിന്നുള്ള പ്രതിനിധിയായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് സെക്രട്ടേറിയറ്റില്‍ ഇടംപിടിച്ചേക്കും.

ആനാവൂര്‍ നാഗപ്പന് പകരം തിരുവനന്തപുരത്തു നിന്നും ടി എന്‍ സീമ, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരിലൊരാളെ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയേക്കും. മന്ത്രി വി ശിവന്‍കുട്ടിയാണ് തിരുവനന്തപുരത്തു നിന്നുള്ള മറ്റൊരു മുതിര്‍ന്ന നേതാവ്. എന്നാല്‍ ഇപ്പോള്‍ തന്നെ ആറു മന്ത്രിമാര്‍ സെക്രട്ടേറിയറ്റില്‍ ഉള്ളതിനാല്‍ ശിവന്‍കുട്ടിയെ പരിഗണിച്ചേക്കില്ല. ടി എന്‍ സീമയ്‌ക്കൊപ്പം സി എസ് സുജാതയേയും സെക്രട്ടേറിയറ്റിലേക്ക് പരിഗണിക്കുന്നുണ്ട്. പി കെ ശ്രീമതിക്ക് പകരമാണ് സുജാതയെ പരിഗണിക്കുന്നത്. സുജാത നിലവില്‍ സിപിഎം കേന്ദ്രക്കമ്മിറ്റി അംഗമാണ്.

Related News