'അയ്യങ്കാളി ജാതി വിവേചനത്തിനു ശ്രമിച്ചിട്ടില്ല, മുഴുവന്‍ ഹൈന്ദവരുടെയും നേതാവ്'; ആസ്ഥാന മന്ദിരത്തിനു പേരിടുന്നതില്‍ ഹിന്ദു ഐക്യവേദി, വിമര്‍ശനം

  • 04/03/2025

ഹിന്ദു ഐക്യവേദിയുടെ ആസ്ഥാന മന്ദിരത്തിന് അയ്യങ്കാളിയുടെ പേരിടാനുള്ള തീരുമാനം പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് വഴി തുറന്നിരിക്കുന്നത്. അയ്യങ്കാളി കേവലം സമുദായ നേതാവല്ല, ഹൈന്ദവരുടെ മുഴുവന്‍ നേതാവാണ് എന്ന് ഹിന്ദു ഐക്യവേദി പറയുമ്ബോള്‍ കീഴാളരെ ഹിന്ദുത്വത്തിന് അടിപ്പെടുത്താനുള്ള നീക്കമാണ് ഇതെന്നാണ് മറുപക്ഷത്തിന്‍റെ വിമര്‍ശനം. 

''അയ്യങ്കാളിയെപ്പോലെ മതംമാറ്റത്തെ ഇത്ര ശക്തമായി എതിര്‍ത്ത വേറൊരാളുണ്ടോ? മതംമാറ്റത്തിനെ എതിര്‍ക്കുന്നതിന്റെ ഭാഗമായി ശ്രീമൂലം പ്രചാര സഭയില്‍ പ്രമേയം കൊണ്ടുവന്ന ആളാണ് അദ്ദേഹം. അയ്യങ്കാളിയെ ഒരു സമുദായ നേതാവായി മാത്രമാണ് കേരളം കാണുന്നത്. അദ്ദേഹം മുഴുവന്‍ ഹൈന്ദവ സമുദായത്തിന്റേയും നേതാവാണ്.'' -ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍ വി ബാബു പറഞ്ഞു. തിരുവനന്തപുരത്ത് വരാനിരിക്കുന്ന ഹിന്ദു ഐക്യവേദിയുടെ പുതിയ ആസ്ഥാന മന്ദിരത്തിന് അയ്യങ്കാളി ഭവന്‍ എന്ന് നാമകരണം ചെയ്തതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

''പിണറായി സര്‍ക്കാര്‍ അടുത്ത കാലത്ത് തിരുവനന്തപുരം വിജെടി ഹാളിന് അയ്യങ്കാളിയുടെ പേര് നല്‍കി. ഹിന്ദു ഐക്യവേദി 2012ല്‍ മുതല്‍ വിജെടി ഹാളിന് അയ്യങ്കാളിയുടെ പേര് നല്‍കണമെന്ന് ആവശ്യപ്പെടുകയും അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ഹിന്ദു അവകാശ പത്രിക സമര്‍പ്പിച്ചപ്പോള്‍ വ്യക്തമായി സൂചിപ്പിക്കുകയും ചെയ്തതാണ്. അന്ന് പക്ഷേ, സര്‍ക്കാര്‍ അത് അംഗീകരിച്ചില്ല. പേര് മാറ്റാവുന്ന കാര്യമല്ലെന്നായിരുന്നു മറുപടി''- ബാബു പറയുന്നു.

Related News