89.98% പേര്‍ക്കും പതിനായിരം രൂപയ്ക്കു മുകളില്‍, ആശ വര്‍ക്കര്‍മാര്‍ക്ക് കൂടുതല്‍ പ്രതിഫലം കേരളത്തില്‍; ആവര്‍ത്തിച്ച്‌ മന്ത്രി

  • 04/03/2025

ആശാവര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരം നിയമസഭയില്‍ ഉന്നയിച്ച്‌ പ്രതിപക്ഷം. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍, ആരോഗ്യ മന്ത്രിക്ക് ആ ഓഫിസ് അധികനാള്‍ ഉണ്ടാകില്ല എന്ന് ഓര്‍ക്കുന്നത് നന്നായിരിക്കുമെന്ന് പറഞ്ഞു. ബക്കറ്റ് പിരിവിന്റെ പേര് പറഞ്ഞ് ആക്ഷേപിക്കുന്നവര്‍ കൊലയാളികള്‍ക്ക് വേണ്ടി പിരിവ് നടത്തിയവര്‍ ആണ്. സമരക്കാര്‍ക്കെതിരെ എന്തൊക്കെ ആക്ഷേപമാണ് നടത്തുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

ആശാ വര്‍ക്കര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ ഓണറേറിയം നല്‍കുന്നത് കേരളത്തിലാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ആവര്‍ത്തിച്ചു. 13,000 രൂപ വരെ കിട്ടുന്നുണ്ട്. ഇതില്‍ 9400 രൂപ നല്‍കുന്നതും സംസ്ഥാന സര്‍ക്കാരാണ്. ബാക്കി തുകയാണ് കേന്ദ്രത്തില്‍നിന്നു ലഭിക്കുന്നത്. കഴിഞ്ഞ സാമ്ബത്തിക വര്‍ഷം ഇന്‍സന്റീവ് ഇനത്തില്‍ 100 കോടി രൂപ കേന്ദ്രം നല്‍കാനുണ്ട്. എന്നാല്‍ സംസ്ഥാനം അത് മുടങ്ങാതെ നല്‍കുന്നുണ്ടെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. 

ആശ വർക്കർമാര്‍ക്ക് ആദ്യമായി ഉത്സവബത്ത നല്‍കിയത് കേരളമാണ്. ആശാ വർക്കർമാർക്ക് ഇനിയും ശമ്ബളം വർധിപ്പിക്കണമെന്ന നിലപാടാണ് സർക്കാരിനുള്ളത്. അതില്‍ ഒരു തർക്കവുമില്ല. 15-ാം തീയതി രാവിലെ 10 മണി മുതല്‍ 11.40 വരെ സമരക്കാരുമായി വിശദമായ ചർച്ച നടത്തി. ഓണറേറിയം 21,000 രൂപയായി വർധിപ്പിക്കണമെന്നതായിരുന്നു ഒരു ആവശ്യം. ആശമാർക്കുള്ള ഓണറേറിയമാണ് 7000 രൂപ. ഫിക്സഡ് ഇൻസെന്റീവിസ് 3000 രൂപയുണ്ട്. കൂടാതെ വിവിധ പ്രവർത്തനങ്ങള്‍ക്ക് നല്‍കുന്ന ഇൻസെന്റീവ്സുകളുമുണ്ട്. ജനുവരി മാസത്തില്‍ 89.98 ശതമാനം പേർ‌ക്കും പതിനായിരത്തിനും പതിമൂവായിരത്തിനും ഇടയിലാണ് ലഭിച്ചത്. ആശ പ്രവർത്തകർക്ക് ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്നതു കേരളത്തില്‍ തന്നെയാണെന്നും മന്ത്രി വീണാ ജോർജ് ആവർത്തിച്ചു.

Related News