റാഗിങ് നടന്നാല്‍ 24 മണിക്കൂറിനകം നടപടി, ഹോസ്റ്റലില്‍ നിന്നും പുറത്താക്കും: മന്ത്രി വീണ ജോര്‍ജ്

  • 04/03/2025

സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളജുകളില്‍ റാഗിങ് തടയുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. റാഗിങ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ 24 മണിക്കൂറിനകം പൊലീസില്‍ അറിയിക്കുകയും ഹോസ്റ്റലില്‍ നിന്ന് പുറത്താക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. നിയമസഭാ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി. പ്രിന്‍സിപ്പല്‍മാരുടെ അടിയന്തരയോഗം ചേര്‍ന്ന് ആന്റി റാഗിങ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി. 

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ നടത്തുന്ന എല്ലാ കോഴ്‌സുകളുടേയും പ്രോസ്‌പെക്ടസുകളില്‍ റാഗിങ് നിരോധനം സംബന്ധിച്ച്‌ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. പ്രോസ്‌പെക്ടസിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നേടുന്ന എല്ലാ വിദ്യാര്‍ഥികളില്‍ നിന്നും രക്ഷിതാക്കള്‍ സാക്ഷ്യപ്പെടുത്തിയ ആന്റി റാഗിങ് അണ്ടര്‍ടേക്കിങ് എഴുതി വാങ്ങി സൂക്ഷിക്കുന്നുണ്ട്.

എല്ലാ കോളജുകളിലും സ്ഥലം പൊലീസ് സ്റ്റേഷനിലും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കൂടി ഉള്‍പ്പെടുന്ന ആന്റി റാഗിങ് കമ്മിറ്റിയും ആന്റി റാഗിങ് സ്‌ക്വാഡും രൂപീകരിച്ചിട്ടുണ്ട്. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ പ്രവേശനത്തിന് മുമ്ബേ ഹോസ്റ്റലുകള്‍ സ്ഥാപിച്ച സിസിടിവി ക്യാമറകള്‍ പരിശോധിക്കാറുണ്ടെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി പറഞ്ഞു.

Related News