എഡിഎം നവീൻ ബാബുവിന്‍റെ മരണത്തില്‍ കുറ്റപത്രം ഒരാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കും. നവീൻ ബാബുവിന്‍റേത് ആത്മഹത്യ തന്നെയാണെന്നും പ്രേരണ പി പി ദിവ്യയുടെ പ്രസംഗമാണെന്നുമാണ് കണ്ടെത്തല്‍. നവീൻ ബാബുവിനെ യാത്രയയപ്പ് യോഗത്തില്‍ അപമാനിക്കാൻ ആസൂത്രണം നടത്തി. ദൃശ്യങ്ങള്‍ ദിവ്യ തന്നെ പ്രചരിപ്പിച്ചതിന് ഫോണില്‍ നിന്ന് തെളിവുകള്‍ കിട്ടിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. പ്രാദേശിക ചാനലിനെ വിളിച്ചുവരുത്തിയതും ദിവ്യയാണ്. ഇനി കേസില്‍ ലഭിക്കാനുള്ളത് രാസപരിശോധന ഫലമാണ്. കേസില്‍ 82 സാക്ഷികളാണ് ഉള്ളതെന്നും കുറ്റപത്രം വ്യക്തമാക്കുന്നു.
അതേസമയം, എഡിഎം നവീൻ ബാബുവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയിരുന്നു. നവീൻ ബാബുവിന്റെ കുടുംബം നല്‍കിയ ഹർജിയാണ് തള്ളിയത്. നേരത്തെ സിംഗിള്‍ ബെഞ്ചും ഹർജി തള്ളിയിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് ഭാര്യ മഞ്ജുഷയുടെ ആവശ്യം. സിപിഎം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമായ പി പി ദിവ്യ പ്രതിയായ കേസില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നായിരുന്നു മഞ്ജുഷയുടെ ഹർജിയിലെ ആക്ഷേപം.
നവീൻ ബാബുവിനെ കൊന്നുകെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ടെന്നും കുടുംബം നിലപാടെടുത്തിരുന്നു. എന്നാല്‍ അന്വേഷണം നേരായ വഴിക്കാണെന്നും ആത്മഹത്യയെന്നാണ് പോസ്റ്റുമാർട്ടം റിപ്പോർട്ടെന്നുമായിരുന്നു സർക്കാർ നിലപാട്. കോടതി നിർദേശിച്ചാല്‍ അന്വേഷണം ഏറ്റെടുക്കാമെന്ന് സിബിഐയും കോടതിയെ അറിയിച്ചിരുന്നു. അഭിപ്രായം പറയാനുള്ള ആർജ്ജവവും അടിയറവ് വെക്കരുതെന്നും പോരാട്ടം തുടരുമെന്നാണ് കോടതി ഹര്‍ജി തള്ളിയതോടെ ദിവ്യ പ്രതികരിച്ചത്. ചിത്രകാരൻ പൊന്ന്യം ചന്ദ്രന്‍റെ വരികളും വരയുമാണ് പി പി ദിവ്യ ഫേസ്ബുക്കില്‍ പങ്കുവച്ചത്. കേസിനെ കുറിച്ചൊന്നും പറയാതെയായിരുന്നു കുറിപ്പ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?