ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ്; എം എസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബ് കീഴടങ്ങി

  • 06/03/2025

ചോദ്യപേപ്പർ ചോർച്ച കേസില്‍ എം എസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബ് കീഴടങ്ങി. കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയാണ് മുഹമ്മദ് ഷുഹൈബ് കീഴടങ്ങിയത്. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന്റെ തൊട്ടുപിന്നാലെയാണ് കീഴടങ്ങല്‍. ഷുഹൈബിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ചോദ്യപേപ്പർ ചോർത്തിയ എയ്ഡഡ് സ്കൂളിലെ പ്യൂണിനെ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

ഇന്ന് രാവിലെയാണ് മുഹമ്മദ് ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. കേസില്‍ ഒന്നാം പ്രതിയാണ് മുഹമ്മദ് ഷുഹൈബ്. ക്രിസ്മസ് പത്താം ക്ലാസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച കേസില്‍ മുഹമ്മദ് ഷുഹൈബിന്റെ മുൻകൂർ ജാമ്യ അപേക്ഷ നേരത്തെ കോഴിക്കോട് ജില്ലാ കോടതി തള്ളിയിരുന്നു. തുടർന്നാണ് ഇയാള്‍ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.

പ്ലസ് വണ്‍ കണക്ക് പരീക്ഷയുടെയും എസ്‌എസ്‌എല്‍സി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങള്‍ എം എസ് സൊല്യൂഷൻസിലൂടെ ചോർന്നതിലാണ് കേസ് അന്വേഷണം തുടരുന്നത്. ചോദ്യ പേപ്പർ ചോർച്ചയുടെ ഉറവിടം കണ്ടെത്തുന്നതിന് വിദ്യാഭ്യാസ വകുപ്പും നടപടികള്‍ തുടങ്ങി. വകുപ്പ് തല നടപടികള്‍ തുടങ്ങാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർദ്ദേശിച്ചു.

എംഎസ് സൊല്യൂഷൻസിന് ചോദ്യപ്പേപ്പർ ചോർത്തി നല്‍കിയ മലപ്പുറം മേല്‍മുറിയിലെ അണ്‍ എയ്‌ഡഡ‍് സ്‌കൂളിലെ പ്യൂണ്‍ അബ്ദുല്‍ നാസറിനെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. എം എസ് സൊല്യൂഷൻസ് അധ്യാപകൻ ഫഹദിന് ചോദ്യപേപ്പർ ചോർത്തി നല്‍കിയത് ഇയാളാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. അബ്‌ദുള്‍ നാസർ ജോലി ചെയ്യുന്ന സ്‌കൂളിലാണ് മുൻപ് ഫഹദ് ജോലി ചെയ്തിരുന്നത്. ഈ ബന്ധം മുൻനിർത്തിയാണ് ചോദ്യപ്പേപ്പർ ചോർത്തിയതെന്നാണ് വിവരം.

Related News