ജഡ്ജി മാപ്പു പറയണമെന്ന് അഭിഭാഷകര്‍, ബഹിഷ്‌കരണം; ഹൈക്കോടതിയില്‍ അസാധാരണ പ്രതിസന്ധി

  • 07/03/2025

ഹൈക്കോടതി ജഡ്ജിക്കെതിരെ അഭിഭാഷകരുടെ പ്രതിഷേധം. വനിതാ അഭിഭാഷകയോട് അപമര്യാദയായി പെരുമാറിയ ജസ്റ്റിസ് എ ബദറുദ്ദീന്‍ മാപ്പു പറയണമെന്നാണ് പ്രതിഷേധം നടത്തുന്ന അഭിഭാഷകരുടെ ആവശ്യം. പ്രതിഷേധ സൂചകമായി അഭിഭാഷകര്‍ കോടതി ബഹിഷ്‌കരിച്ചു. ജഡ്ജി പരസ്യമായി മാപ്പു പറയുന്നതുവരെ ബഹിഷ്‌കരണം തുടരുമെന്ന് അഭിഭാഷകര്‍ അറിയിച്ചു. 

എന്നാല്‍ തുറന്ന കോടതിയില്‍ മാപ്പു പറയാനാകില്ലെന്നാണ് ജസ്റ്റിസ് ബദറുദ്ദീന്റെ നിലപാട്. തന്റെ ചേംബറില്‍ വെച്ച്‌ ക്ഷമാപണം നടത്താമെന്നും ജഡ്ജി അറിയിച്ചു. അഭിഭാഷകരുടെ ആവശ്യം കണക്കിലെടുത്ത്, കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം ചേര്‍ന്ന് ജസ്റ്റിസ് ബദറുദീന്റെ കോടതി ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു. വിഷയം പഠിക്കാന്‍ ചീഫ് ജസ്റ്റിസ് സാവകാശം തേടിയിട്ടുണ്ട്.

ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായിരുന്നു അഡ്വ. അലക്സ് എം സ്‌കറിയയും ഭാര്യ സരിതയും. ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബാണ് അലക്‌സ് സ്‌കറിയ മരിച്ചത്. അലക്‌സ് എം സ്‌കറിയ ഏറ്റെടുത്ത കേസിന്റെ വക്കാലത്ത് മാറ്റുന്ന നടപടികള്‍ ഇതിനോടകം തുടങ്ങിയിരുന്നു. അലക്‌സ് പരിഗണിച്ചിരുന്ന ഒരു കേസ് ഇന്നലെ കോടതി പരിഗണിച്ചപ്പോള്‍ സരിത ഹാജരാകുകയും, ഭര്‍ത്താവ് മരിച്ച സാഹചര്യത്തില്‍ കേസ് നടത്തിപ്പിന് സാവകാശം ചോദിക്കുകയും ചെയ്തു. ഇത് ജസ്റ്റിസ് ബദറുദ്ദീനെ പ്രകോപിപ്പിച്ചു.

Related News