താനൂരില്‍ നിന്ന് നാടുവിട്ടു പോയി പൂനെയില്‍ നിന്ന് കണ്ടെത്തിയ പെണ്‍കുട്ടികളെ നാട്ടിലെത്തിച്ചു; കൗണ്‍സിലിംഗ് നല്‍കും

  • 08/03/2025

താനൂരില്‍ നിന്ന് നാടുവിട്ടു പോയി പൂനെയില്‍ നിന്ന് കണ്ടെത്തിയ പെണ്‍കുട്ടികളെ നാട്ടിലെത്തിച്ചു. മാതാപിതാക്കളും ബന്ധുക്കളും ചേർന്നാണ് കുട്ടികളെ സ്വീകരിച്ചത്. കുട്ടികള്‍ക്കൊപ്പം മുംബൈ വരെ സഞ്ചരിച്ച യുവാവ് നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. ദിവസങ്ങള്‍ക്ക് മുമ്ബാണ് പെണ്‍കുട്ടികള്‍ നാടുവിട്ടത്. പ്ലസ്ടു വിദ്യാർത്ഥികളായ ഇവർ പരീക്ഷയുടെ തലേന്നാണ് നാടുവിട്ടത്. 

പെണ്‍കുട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്ന എടവണ്ണ സ്വദേശി റഹിം അസ്‌ലത്തിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇയാള്‍ മുംബൈയില്‍ നിന്ന് രാവിലെ നാട്ടിലെത്തിയിരുന്നു. ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടികള്‍ നാടുവിട്ടതില്‍ പങ്കുണ്ടെന്ന് വ്യക്തമായാല്‍ റഹിം അസ്ലത്തിനെ പൊലീസ് അറസ്റ്റ് ചെയ്യും. വിദ്യാർത്ഥികള്‍ക്ക് കൗണ്‍സിലിംഗും രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണവും പൊലീസ് നല്‍കും.

കഴിഞ്ഞ ബുധനാഴ്ചയാണ് സ്കൂളില്‍ പരീക്ഷയെഴുതാൻ പോകുന്നെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ താനൂര്‍ സ്വദേശിനികളായ പ്ലസ്ടു വിദ്യാര്‍ത്ഥിനികളെ കാണാതായത്. സ്കൂളില്‍ കുട്ടികള്‍ എത്താതിരുന്നതോടെ വീട്ടിലേക്ക് വിളിച്ചു ചോദിച്ചപ്പോഴാണ് കാണാതായെന്ന വിവരം അറിയുന്നത്. മൂന്നാം തീയതി ഇരുവരും സ്കൂളിലെത്തി പരീക്ഷ എഴുതിയിരുന്നു. ബുധനാഴ്ച ഒരാള്‍ക്ക് മാത്രമാണ് പരീക്ഷ ഉണ്ടായിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് പുലര്‍ച്ചെ കുട്ടികളെ മുംബൈ ലോണാവാലയില്‍ നിന്ന് കണ്ടെത്തിയത്.

Related News