50 വര്‍ഷത്തിനിടെ ആദ്യം, പിടി തരാത്ത പ്രകൃതത്തില്‍ ആല്‍ഫ്രഡ്, ഓസ്ട്രേലിയയില്‍ വൻ നാശം വിതച്ച്‌ ചുഴലിക്കാറ്റ്

  • 08/03/2025

കരയിലേക്ക് അടുത്തപ്പോള്‍ ശക്തി കുറഞ്ഞെങ്കിലും ആല്‍ഫ്രഡ് ചുഴലിക്കാറ്റിന് പിന്നാലെ ഓസ്ട്രേലിയയില്‍ വലിയ രീതിയില്‍ വൈദ്യുതി മുടങ്ങി. ഉഷ്ണ മേഖല ചുഴലിക്കാറ്റായ ആല്‍ഫ്രഡ് ക്വീൻസ്ലാൻഡ് സംസ്ഥാനത്തിലേക്ക് വലിയ രീതിയില്‍ കനത്ത മഴയും വെള്ളപ്പൊക്കവുമാണ് വിതച്ചിരിക്കുന്നത്. ക്വീൻസ്ലാൻഡിന്റെ തെക്ക് കിഴക്കൻ മേഖലയില്‍ 316540 ആളുകള്‍ക്കാണ് വൈദ്യുതി മുടങ്ങിയത്. ശനിയാഴ്ചയാണ് ചുഴലിക്കാറ്റ് ക്വീൻസ്ലാൻഡ് തീരത്തേക്ക് എത്തിയത്. ശക്തി പ്രാപിക്കുകയും ശോഷിക്കുകയും ചെയ്ത് 16 ദിവസത്തെ മുന്നറിയിപ്പുകള്‍ക്ക് ശേഷമാണ് ആല്‍ഫ്രഡ് കരതൊട്ടത്. 

കനത്ത മഴ, നാശനഷ്ടമുണ്ടാക്കുന്ന കാറ്റ്, തീരദേശ തിരമാലകളുടെ ആഘാതം എന്നിവ വരും ദിവസങ്ങളിലും തുടരുമെന്നാണ് ഓസ്ട്രേലിയൻ കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. മണിക്കൂറില്‍ 90കിലോമീറ്റർ ശക്തിയിലാണ് ആല്‍ഫ്രഡ് കരയിലേക്ക് എത്തിയിട്ടുള്ളത്. ഞായറാഴ്ച വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിച്ച ബ്രിസ്ബേൻ വിമാനത്താവളം സർവ്വീസുകള്‍ കനത്ത കാറ്റില്‍ ബാധിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് സമൂഹമാധ്യമങ്ങളില്‍ വിശദമാക്കിയിട്ടുള്ളത്. ആയിരക്കിലേറെ സ്കൂളുകള്‍ക്ക് ചുഴലിക്കാറ്റ് പശ്ചാത്തലത്തില്‍ ഓസ്ട്രേലിയ അവധി നല്‍കിയിരുന്നു.

ഓസ്ട്രേലിയയിലെ ഏറ്റവും ജനസംഖ്യമുള്ള മൂന്നാമത്തെ നഗരമാണ് ബ്രിസ്ബേൻ. വളരെ സാവധാനത്തിലാണ് ആല്‍ഫ്രഡ് ചുഴലിക്കാറ്റ് സമുദ്രത്തിലൂടെ മുന്നോട്ട് നീങ്ങിയത്. 16 ദിവസമെടുത്താണ് ചുഴലിക്കാറ്റ് കരതൊട്ടത്. ഈ സമയത്തിനുള്ളില്‍ ചുഴലിക്കാറ്റിന്‍റെ ശക്തി കുറഞ്ഞെങ്കിലും ആഘാതങ്ങള്‍ക്ക് കുറവില്ല എന്നതാണ് മുന്നറിയിപ്പ് പിൻവലിക്കാത്തതിന് കാരണമായി കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നത്. കാലാവസ്ഥാ വകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം വെള്ളിയാഴ്ച വടക്കൻ ന്യൂ സൌത്ത് വെയില്‍സിലും തെക്കുകിഴക്കൻ ക്വീൻസ്‌ലാൻഡിലും ഏകദേശം 200 മില്ലിമീറ്റർ മഴയാണ് ഇതുവരെ ലഭിച്ചത്.

Related News