സംസ്ഥാനത്തെ ഉന്നത നേതൃത്വത്തിലേക്കുള്ള പി ജയരാജന്‍റെ വാതിലടയുന്നതിനിടെ അദ്ദേഹത്തിന്‍റെ മകന്‍റെ വാട്സ് ആപ്പ് സ്റ്റാറ്റസ് ചര്‍ച്ചയാകുന്നു. 'വർത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരു വിധി ഉണ്ടാകുമെന്ന് നിഷ്കളങ്കരേ നിങ്ങള്‍ പ്രതീക്ഷിച്ചിരുന്നോ ' എന്ന എം സ്വരാജിന്‍റെ വാചകമാണ് പി ജയരാജന്‍റെ മകൻ ജയിൻ രാജ് വാട്സ് ആപ്പില്‍ സ്റ്റാറ്റസ് ആക്കിയത്. മറ്റൊന്നും പ്രതീക്ഷിച്ചിരുന്നില്ലെന്ന കാര്യമാണ് ജയിൻ തുറന്ന് പറഞ്ഞതെന്നാണ് വ്യഖ്യാനങ്ങള്‍.
പ്രായപരിധി നിബന്ധന തുടർന്നാല്‍ അടുത്ത സമ്മേളനത്തില്‍ സംസ്ഥാന സമിതിയില്‍ നിന്നും ജയരാജൻ ഒഴിവാകും. കണ്ണൂരിലെ പാർട്ടിയുടെ അമരക്കാരൻ ആയിരുന്നിട്ടും മൂന്ന് പതിറ്റാണ്ട് മുൻപ് ഉള്‍പ്പെട്ട ഘടകത്തില്‍ പി ജയരാജന്റെ സംഘടനാ ജീവിതം അവസാനിക്കാനാണ് സാധ്യതയെല്ലാം.
ചടയൻ ഗോവിന്ദൻ, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, ഇപി ജയരാജൻ, എംവി ഗോവിന്ദൻ- ഒടുവിലിതാ എംവി ജയരാജൻ. സിപിഎമ്മിന്‍റെ കണ്ണൂർ ജില്ലാ സെക്രട്ടറി പദവിയില്‍ നിന്ന് ഇവരെല്ലാം സംസ്ഥാന സെക്രട്ടേറിയറ്റിലെത്തി. ഈ പേരുകള്‍ക്കൊപ്പം ഉയർന്നുകേട്ടിട്ടും കണ്ണൂർ പാർട്ടിയുടെ തലപ്പത്തുണ്ടായിട്ടും പി ജയരാജന് സംസ്ഥാന സമിതിയില്‍ നിന്നൊരു കയറ്റമില്ല. പ്രായം എഴുപത്തിരണ്ടിലെത്തി. അടുത്ത സമ്മേളനമാകുമ്ബോള്‍ എഴുപത്തിയഞ്ചാകും. അപ്പോള്‍ ഇനിയൊരു പ്രമോഷനില്ല. 27 വർഷമായി സംസ്ഥാന കമ്മിറ്റിയിലുളള ജയരാജന് അതേ ഘടകത്തില്‍ തന്നെ സംഘടനാ ജീവിതം അവസാനിപ്പിക്കേണ്ടി വരാം.
അതേസമയം, കണ്ണൂരിലെ മുതിര്‍ന്ന നേതാവ് എൻ സുകന്യയുടെ ഫേസ്ബുക്ക് പോസ്റ്റും വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. ഓരോ അനീതിയിലും നീ കോപത്താല്‍ വിറയ്ക്കുന്നുണ്ടെങ്കില്‍ നീ എന്‍റെ സഖാവാണ് എന്ന വാചകമാണ് സുകന്യ പങ്കുവെച്ചത്. എന്നാല്‍, തനിക്കൊരു അതൃപ്തിയും ഇല്ലെന്നും ദുർവ്യാഖ്യാനം വേണ്ടെന്നുമാണ് സുകന്യ ഈ വിഷയത്തില്‍ പ്രതികരിച്ചത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?