പിണറായി വിജയന്‍ മാറിയാല്‍ സിപിഎമ്മില്‍ സര്‍വനാശമെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തുടര്‍ഭരണത്തില്‍ പിണറായിയെ മാറ്റി ആരെ നേതാവായി അവതരിപ്പിച്ചാലും അത് പരാജയമായിരിക്കും. മാത്രമല്ല, കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ തന്നെ സ്ഥാനത്തിനായി വെട്ടിമരിക്കാനായി പല ആളുകളും വരും. പിണറായിയുടെ സീറ്റിലേക്ക് വരാന്‍ യോഗ്യരായ ആരുമില്ല എന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
സ്ഥാനമോഹികളായ നേതാക്കള്‍ പാര്‍ട്ടില്‍ ഒരുപാടുണ്ട്. പിണറായി വിജയന്‍ ശക്തനായ ഭരണാധികാരിയും ശക്തനായ നേതാവുമാണ്. സംസ്ഥാന സമ്മേളന ചര്‍ച്ചയിലൊന്നും ആരും പിണറായിയെ തൊട്ടില്ലല്ലോ?, ആരും അദ്ദേഹത്തെപ്പറ്റി ഒന്നും പറഞ്ഞില്ല. പുറത്തു നിന്ന് ആരെങ്കിലും എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകാം. എന്നാല്‍ സമ്മേളനത്തില്‍ എല്ലാവരും ഒരേ സ്വരത്തില്‍ പിണറായിയെ വാഴ്ത്തുകയും പുകഴ്ത്തുകയുമാണ് ചെയ്തത്. അത് പിണറായി വിജയന്റെ നേതൃപാടവമാണ്. വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ഒരു പള്ളിയില്‍ 16 പട്ടക്കാര്‍ ആകരുത്. ഒരു പള്ളിയില്‍ ഒരു പട്ടക്കാരന്‍ മതി. 16 പട്ടക്കാരായാല്‍ ഈ 16 പട്ടക്കാരും തമ്മില്‍ ദിവസവും അടിയായിരിക്കും ഉണ്ടാകുക. പിണറായി വിജയന്‍ നല്ല നേതാവും നല്ല അഡ്മിനിസ്‌ട്രേറ്ററുമാണ്. അതുകൊണ്ട് തന്നെ അനുയായികളെയെല്ലാം ഒരു അപശബ്ദം പോലും ഇല്ലാതെ ഇരുത്താന്‍ സാധിച്ചു. അതാണ് പിണറായിയുടെ മികവ്. പിണറായിയെ കേന്ദ്രീകരിച്ചു പാര്‍ട്ടി മുന്നോട്ടുപോകുന്നത് നല്ലതാണ്. പലരെ കേന്ദ്രീകരിച്ചു പോയാല്‍ പാര്‍ട്ടി പല വഴിക്കുപോകും. ഇനിയും തുടര്‍ഭരണം ഉണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് സിപിഎം.
ഇടതുപക്ഷത്തിന്റെ ശക്തമായ പ്രകടനം കൊണ്ടല്ല ഇത്, മറിച്ച് യുഡിഎഫ് തമ്മില്‍ തല്ലി ഛിന്നഭിന്നമായി കിടക്കുകയാണ്. ഇടതുപക്ഷ വോട്ടുകള്‍ ഉറച്ച് ഒന്നായി നില്‍ക്കുന്നു. വലതുപക്ഷ വോട്ടുകള്‍ ഛിന്നഭിന്നമായിരിക്കുന്നു. അതേസമയം എന്‍ഡിഎ കേരളത്തില്‍ വളരുന്നുമുണ്ട്. എന്‍ഡിഎയുടെ വളര്‍ച്ച യുഡിഎഫിന്റെ തളര്‍ച്ചയാണ്. എല്‍ഡിഎഫിന്റെ ഐശ്വര്യം എന്‍ഡിഎയാണ്. സജി ചെറിയാന്‍ വിജയിക്കുന്നത് ത്രികോണമത്സരം കൊണ്ട് മാത്രമാണ്. നേരത്തെ യുഡിഎഫ് മാത്രം വിജയിച്ചിരുന്ന മണ്ഡലത്തില്‍, എന്‍ഡിഎ കൂടുതല്‍ വോട്ടുപിടിച്ചതോടെയാണ് സജി ചെറിയാന് വിജയിക്കാനായത്.
50 കൊല്ലത്തിലേറെ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടും സംസ്ഥാന കമ്മിറ്റിയില്‍ എടുത്തില്ലെന്നാണ് പത്തനംതിട്ടയിലെ പദ്മകുമാര്‍ പറഞ്ഞത്. പദ്മകുമാര്‍ നന്ദികേട് കാട്ടരുത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, എംഎല്‍എ സ്ഥാനങ്ങള്‍ പാര്‍ട്ടി നല്‍കിയില്ലേ. ദേവസ്വം പ്രസിഡന്റ് പദവിയില്‍ എല്ലാ ആനുകൂല്യങ്ങളും അനുഭവിക്കാന്‍ സാധിച്ചില്ലേ. അര്‍ഹതക്കുറവ് പദ്മകുമാര്‍ മനസ്സിലാക്കണം. പദ്മകുമാര്‍ 50 കൊല്ലം പഠിച്ചെങ്കിലും തോറ്റ് തോറ്റ് നാലാം ക്ലാസിലേ ചെന്നുള്ളൂവെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?