തന്റെ സംസ്കാരചടങ്ങുകള്‍ എങ്ങനെ വേണമെന്നത് സംബന്ധിച്ച് അന്തരിച്ച സിപിഎം മുതിർന്ന നേതാവ് എം എം ലോറൻസ് പറയുന്ന വീഡിയോ ഉണ്ടെന്ന അവകാശ വാദവുമായി പെണ്‍മക്കള്‍. സ്വർഗത്തില്‍ പോകണമെന്നും യേശുവിനെ കാണണമെന്നും മകള്‍ പറയുന്നിടത്ത് അടക്കണമെന്നും വീഡിയോയില്‍ എം എം ലോറൻസ് പറയുന്നുണ്ടെന്നാണ് മക്കളുടെ അവകാശ വാദം. മുഖം ഇല്ലാതെ ശബ്ദം മാത്രമുള്ള വീഡിയോ ആണ് പെണ്‍മക്കള്‍ പുറത്ത് വിട്ടിരിക്കുന്നത്.
2022 ഫെബ്രുവരി 25 ലാണ് എം എം ലോറൻസ് ഇക്കാര്യം പറഞ്ഞതെന്നും ഹൈക്കോടതിയില്‍ ഈ വീഡിയോ കൈമാറി പുനഃപരിശോധന ഹർജി നല്‍കിയെന്നും പെണ്‍മക്കള്‍ പറഞ്ഞു. സഹോദരൻ സമ്മതം ചോദിക്കാതെയാണ് മൃതദേഹം വൈദ്യ പഠനത്തിന് കൈമാറാനുള്ള തീരുമാനം പാർട്ടി പിന്തുണയില്‍ എടുത്തതെന്നും വാർത്താസമ്മേളനത്തില്‍ പെണ്‍മക്കള്‍ പറഞ്ഞു. എം എം ലോറൻസിന്റെ പെണ്‍മക്കളായ സുജാതയും ആശയുമാണ് വാർത്താസമ്മേളനം നടത്തിയത്. മതാചാരപ്രകാരം സംസ്കരിക്കണമെന്ന ആവശ്യം ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയതോടെ എം എം ലോറൻസിന്റെ മൃതദേഹം നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ പഠനത്തിന് വിട്ട് നല്‍കിയിരുന്നു.
സെപ്റ്റംബർ 21 നായിരുന്നു എംഎം ലോറൻസിന്റെ അന്ത്യം. 2015 ല്‍ സിപിഎം ആലപ്പുഴ സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടിയുടെ ഔദ്യോഗിക സമിതികളില്‍ നിന്നും ഒഴിവായി വിശ്രമ ജീവിതത്തിലായിരുന്ന എംഎം ലോറന്‍സ്. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം സംഭവിച്ചത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?