പിഞ്ചുകുഞ്ഞിന് മരുന്ന് മാറി നല്‍കിയ സംഭവം: മെഡിക്കല്‍ സ്റ്റോറിന്റേത് ഗുരുതര വീഴ്ച്ചയെന്ന് റിപ്പോര്‍ട്ട്

  • 13/03/2025

പഴയങ്ങാടിയിലെ മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് മരുന്ന് മാറിനല്‍കിയതിനെത്തുടര്‍ന്ന് എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിലായ സംഭവത്തില്‍ മെഡിക്കല്‍ സ്‌റ്റോറിന് ഗുരുതര വീഴ്ച സംഭവിച്ചതായി വിലയിരുത്തല്‍.

സംഭവത്തില്‍ കണ്ണൂര്‍ അസിസ്റ്റന്റ് ഡ്രഗ്സ് കണ്‍ട്രോളറുടെ നിര്‍ദ്ദേശപ്രകാരം ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പഴയങ്ങാടി ഖദീജ മെഡിക്കല്‍സില്‍ നിന്നുള്ള വിശദ വിവരങ്ങള്‍ തേടിയ അന്വേഷണ ഉദ്യോഗസ്ഥന്‍ ആശുപത്രിയിലെത്തി കുട്ടിയുടെ പിതാവിന്റെ മൊഴിയെടുത്തു. ചാല മിംസ്സ് ആശുപത്രിയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം.

കഴിഞ്ഞ ശനിയാഴ്ച്ചയാണ് പനിയെ തുടര്‍ന്ന പഴയങ്ങാടി വെങ്ങര സ്വദേശി സമീറിന്റെ കുഞ്ഞിനെ പഴയങ്ങാടിയിലെ ക്‌ളിനിക്കില്‍ കാണിച്ചത് ഡോക്ടര്‍ പനിക്കുള്ള കാല്‍പ്പോള്‍ സിറപ്പ് കുറിച്ചു നല്‍കുകയും ചെയ്തു. തുടര്‍ന്ന് പഴയങ്ങാടി ടൗണിലെ ഖദീജ മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ച അളവില്‍ കൊടുത്തു. ഇതോടെ കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങളും തുടങ്ങി. ഇതിന് ശേഷമാണ് മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് മാറി നല്‍കിയെന്ന് മനസിലായത്.

സിറപ്പിന്റെ അളവില്‍ ഡ്രോപ്‌സ് നല്‍കിയതോടെ കുഞ്ഞിന്റെ കരളിനെ അതു ഗുരുതരമായി ബാധിക്കുകയായിരുന്നു. തുടര്‍ന്നാണ് അതീവ ഗുരുതരാവസ്ഥയില്‍ ചാല മിംസ് ആശുപത്രിയിലേക്ക് മാറ്റിയത്.കുറിപ്പടി എഴുതി നല്‍കിയ ഡോക്ടറെ ബന്ധപ്പെട്ടപ്പോഴാണ് മരുന്ന് മാറിയ വിവരം അറിയുന്നത്. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം ഉടന്‍ കുഞ്ഞിനെ വിദഗ്ദ്ധ ചികിതയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു.

Related News