16, 19, 20 വയസ് പ്രായമുള്ള രോഗികള്‍, എംസിസിയില്‍ കാര്‍ ടി സെല്‍ തെറാപ്പി വിജയം, രാജ്യത്തെ 2ാമത്തെ സര്‍ക്കാര്‍ സ്ഥാപനം

  • 18/03/2025

മലബാര്‍ കാന്‍സര്‍ സെന്റര്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സ് ആന്റ് റീസര്‍ച്ചില്‍ കാര്‍ ടി സെല്‍ തെറാപ്പിയില്‍ (CAR T Cell Therapy) അഭിമാനകരമായ നേട്ടം കൈവരിച്ചിരിക്കുകയാണ്. എംസിസിയില്‍ രാജ്യത്ത് തന്നെ സര്‍ക്കാര്‍ തലത്തില്‍ രണ്ടാമതായി ആരംഭിച്ച കാര്‍ ടി സെല്‍ തെറാപ്പി വിജയം. 5 രോഗികള്‍ക്കാണ് കാര്‍ ടി ചികിത്സക്ക് ആവശ്യമായ ടി സെല്‍ ശേഖരണം നടത്തിയത്. ഇതില്‍ 3 പേരുടെ ചികിത്സ പൂര്‍ത്തീകരിച്ചു. 

ഈ അഞ്ചുപേരില്‍ 3 പേര്‍ക്ക് ബി അക്യൂട്ട് ലിംഫോബ്ളാസ്റ്റിക് ലുക്കീമിയ എന്ന രോഗമായിരുന്നു. അതില്‍ തന്നെ ഒരാളുടെ അസുഖം മജ്ജമാറ്റിവക്കല്‍ ചികിത്സയ്ക്ക് ശേഷം തിരിച്ചുവന്ന അവസ്ഥയിലായിരുന്നു. 16, 19, 20 വയസ് പ്രായമുള്ള രോഗികളായിരുന്നു ഇവരെല്ലാം. ബി നോണ്‍ ഹോഡ്കിന്‍സ് ലിംഫോമ എന്ന രോഗമായിരുന്നു മറ്റ് രണ്ടുപേര്‍ക്കും. രണ്ട് തരം അതിശക്തമായ കീമോതെറാപ്പി പരാജയപ്പെട്ട രോഗമായിരുന്നു. ഇവര്‍ക്കാണ് കാര്‍ ടി ചികിത്സ സഹായകരമായത്.

സാധാരണക്കാര്‍ക്കും ലോകോത്തര അത്യാധുനിക ചികിത്സകള്‍ ലഭ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അതിന്റെ ഭാഗമായാണ് റോബോട്ടിക് സര്‍ജറി, കാര്‍ ടി സെല്‍ തുടങ്ങിയ അത്യാധുനിക ചികിത്സകള്‍ സാധ്യമാക്കിയത്. രാജ്യത്തിന് അഭിമാനകരമായ നേട്ടം കൈവരിച്ച ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള എംസിസിയിലെ മുഴുവന്‍ ടീം അംഗങ്ങളേയും മന്ത്രി അഭിനന്ദനം അറിയിച്ചു.

Related News