'വളര്‍ത്തച്ഛന്റെ സ്‌നേഹം നഷ്ടമാകുമോ എന്ന ഭയം'; 12 കാരിയുടെ മൊഴി പുറത്ത്

  • 18/03/2025

പാപ്പിനിശ്ശേരി പാറക്കലില്‍ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞ് കൊന്ന കേസില്‍ പ്രതിയായ 12 കാരിയുടെ മൊഴി പുറത്ത്. വളര്‍ത്തച്ഛന് തന്നോടുള്ള സ്‌നേഹം നഷ്ടമാകുമോ എന്ന ഭയമായിരുന്നു കൊലയ്ക്ക് പിന്നിലെന്നാണ് കുട്ടിയുടെ മൊഴി. 

കുട്ടി പറഞ്ഞ മൊഴികളില്‍ വൈരുധ്യമുണ്ടായിരുന്നു. എന്നാല്‍ പൊലീസിന്റെ ആവര്‍ത്തിച്ചുള്ള ചോദ്യം ചെയ്യലില്‍ പിടിച്ചുനില്‍ക്കാന്‍ പെണ്‍കുട്ടിക്ക് സാധിച്ചില്ല. മാതാപിതാക്കള്‍ക്ക് ചെറിയ കുഞ്ഞിനോട് സ്‌നേഹം കൂടിയതു കാരണമുണ്ടായ വൈരാഗ്യം തന്നെയാണ് കൊലപാതകത്തിനു പിന്നിലെ കാരണം. തന്നോട് സ്‌നേഹം കുറവായിരുന്നു എന്ന് പെണ്‍കുട്ടി മൊഴി നല്‍കി.

കൊലപാതകത്തില്‍ പന്ത്രണ്ടുകാരിയിലേക്ക് പൊലീസ് എത്തിയത് രക്ഷിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു. മരിച്ച കുട്ടിയുടെ പിതാവിനും മാതാവിനും ഉണ്ടായ ചില സംശയങ്ങളാണ് അന്വേഷണം വഴിതിരിച്ചുവിട്ടത്.

രാത്രി ഉറങ്ങുന്നതിനു മുന്‍പ് വാതില്‍ അകത്ത് നിന്നും പൂട്ടിയിരുന്നു. പുറത്തുനിന്ന് ആര്‍ക്കും അകത്തേക്ക് കയറാനാകില്ലെന്നും മുത്തുവും ഭാര്യയും ഉറപ്പിച്ചു പറഞ്ഞു. ഇതോടെയാണ് അതുവരെ പൊലീസിനു യാതൊരു സംശയവും തോന്നാതിരുന്ന പെണ്‍കുട്ടിയിലേക്ക് അന്വേഷണം വിരല്‍ചൂണ്ടിയത്.

കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കി. ഞായറാഴ്ച രാത്രി പതിനൊന്നു മണിയോടെയായിരുന്നു മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ ബന്ധുവായ 12 വയസ്സുകാരി കിണറ്റില്‍ എറിഞ്ഞു കൊന്നത്.

മരിച്ച കുട്ടിയുടെ അച്ഛന്റെ സഹോദരന്റെ മകളാണ് 12 വയസ്സുകാരി. കുട്ടിയുടെ പിതാവ് നേരത്തെ മരിച്ചിരുന്നു. അമ്മ കുട്ടിയോട് ഒപ്പമില്ല. സംരക്ഷണം ഏറ്റെടുത്തിരുന്നത് മരിച്ച കുട്ടിയുടെ അച്ഛനാണ്. രാത്രി ശുചിമുറിയില്‍ പോകാന്‍ എന്ന വ്യാജേനെ എഴുന്നേറ്റായിരുന്നു പന്ത്രണ്ടുകാരി കുഞ്ഞിനെ കിണറ്റില്‍ ഇട്ടത്.

Related News