'പുതിയ നിര്‍ദേശങ്ങളുണ്ടായില്ല', മന്ത്രി നടത്തിയ ചര്‍ച്ചയും പാളി; ആശ വര്‍ക്കര്‍മാര്‍ നിരാഹാര സമരത്തിന്

  • 19/03/2025

സെക്രട്ടേറിയേറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ആശ പ്രവര്‍ത്തകരുടെ പ്രതിഷേധം അവസാനിപ്പിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നടത്തിയ ചര്‍ച്ചയും പരാജയം. ഇതോടെ 38 ദിവസം നീണ്ട സമരം നാളെ മുതല്‍ കൂടുതല്‍ ശക്തമാക്കുമെന്ന് സമര സമിതി നേതാക്കള്‍ അറിയിച്ചു. ആശാപ്രവര്‍ത്തകര്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ ഒന്നും അംഗീകരിച്ചില്ലെന്നും ഓണറേറിയം ഉള്‍പ്പെടെ ആവശ്യങ്ങള്‍ ഒന്നും ചര്‍ച്ച ചെയ്തില്ലെന്നും പുതിയ നിര്‍ദ്ദേശങ്ങളോ പരിഗണനകളോ മന്ത്രി തല ചർച്ചയിലും ഉണ്ടായില്ലെന്നും സമരക്കാര്‍ അറിയിച്ചു. 

എന്നാല്‍, വിഷയം യാഥാര്‍ത്ഥ്യ ബോധത്തോടെ കാണണമെന്നും സമരം അവസാനിപ്പിക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടു. എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണ് മുന്നോട്ട് പോകുന്നത് എന്നായിരുന്നു വിഷയത്തില്‍ ആരോഗ്യ മന്ത്രി സ്വീകരിച്ച നിലപാട്. ഇക്കാര്യം ചര്‍ച്ചയ്ക്ക് ശേഷം വിളിച്ച വാര്‍ത്താ സമ്മേളനത്തിലും മന്ത്രി ആവര്‍ത്തിച്ചു. സ്വീകരിക്കാവുന്ന നടപടികള്‍ എല്ലാം സര്‍ക്കാര്‍ എടുത്തിട്ടുണ്ട്. 2006 ല്‍ നിശ്ചയിച്ച ഇന്‍സെന്റീവ് കൂട്ടാന്‍ ഇതുവരെ കേന്ദ്രം തയ്യാറായിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. ഓണറേറിയം കൂട്ടരുത് എന്ന നിലപാട് സര്‍ക്കാരിന് ഇല്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. 

Related News