റാഗിങ്ങിനെതിരെ ശക്തമായ നടപടി; രഹസ്യ സര്‍വേ, ആന്റി റാഗിങ് ക്ലാസുകള്‍, കര്‍ശന നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ്

  • 19/03/2025

റാഗിങ്ങിനെതിരെ കര്‍ശന നടപടികളിലേയ്ക്ക് ആരോഗ്യവകുപ്പ്. കോട്ടയം നഴ്സിങ് കോളജിലെ റാഗിങ്ങിന് പിന്നാലെയാണ് ആന്റി റാഗിങ് പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

വിദ്യാര്‍ഥികള്‍ക്കിടയില്‍ രഹസ്യ സര്‍വേ, പരാതി അയക്കാന്‍ ഇ-മെയില്‍, സിസിടിവി നിരീക്ഷണം എന്നിവ ഓരോ കോളജിലും ഏര്‍പ്പെടുത്തണം. പ്രശ്നക്കാരായ വിദ്യാര്‍ഥികളെ കണ്ടെത്തി നടപടി സ്വീകരിക്കണം. കോളജ് തലം മുതല്‍ മെഡിക്കല്‍ വിദ്യാഭ്യാസ തലത്തില്‍ വരെ ആന്റീ റാഗിങ് സെല്‍ രൂപീകരിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു.

റാഗിങ്ങിന് എതിരായ ബോധവല്‍ക്കരണ ക്ലാസില്‍ എല്ലാകുട്ടികളെയും പങ്കെടുപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. അധ്യായന വര്‍ഷം ആരംഭിച്ച്‌ ആദ്യ ആറ് മാസത്തില്‍ കുറഞ്ഞത് മൂന്ന് ആന്റി റാഗിങ് ക്ലാസുകള്‍ നടത്തണം. കോളജുകളിലും ഹോസ്റ്റലുകളിലും റാഗിങ് ശിക്ഷയെക്കുറിച്ചും, ആന്റി റാഗിങ് കമ്മിറ്റി അംഗങ്ങളുടെ ഫോണ്‍ നമ്ബറുകളും പ്രദര്‍ശിപ്പിക്കണം. ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കിടയില്‍ രഹസ്യ സര്‍വേകള്‍ നടത്തണം. എല്ലാ കോളജുകളും ഒരു തനതായ ഒരു കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ച്‌ നടപ്പാക്കണം. സ്‌ക്വാഡുകളും രൂപീകരിച്ച്‌ ഹോസ്റ്റലുകള്‍, ബസുകള്‍, കാന്റീനുകള്‍, ഗ്രൗണ്ടുകള്‍, ക്ലാസ് മുറികള്‍, വിദ്യാര്‍ഥികള്‍ ഒത്തുകൂടുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സൂക്ഷമ പരിശോധന നടത്തണം.

Related News